
കൊല്ലം: ഒടുവിൽ സിപിഐയുടെ സമ്മർദ്ദത്തിന് പിന്നിൽ സിപിഎം മുട്ടുമടക്കി. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് പ്രസന്ന ഏണസ്റ്റ് താൻ മേയർ പദവി ഒഴിയുകയാണെന്ന് അറിയിച്ചത്. നേരത്തേ രാജിവച്ച ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള സിപിഐ പ്രതിനികൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല.
അവസാന ഒരുവർഷം മേയർ പദവി സിപിഐക്ക് എന്നതായിരുന്നു ഇടത് മുന്നണിയിലെ മുൻ ധാരണ. ഇതനുസരിച്ച് മാസങ്ങൾക്ക് മുന്നേ സിപിഎം നേതാവായ പ്രസന്ന ഏണസ്റ്റ് രാജിവെക്കേണ്ടതായിരുന്നു. എന്നാൽ, സിപിഐ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ തയ്യാറായിരുന്നില്ല. മേയർസ്ഥാനം കൈമാറുന്നത് വൈകിയപ്പോൾ സി.പി.ഐയിലെ ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷരും രാജിവെച്ചിരുന്നു. മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്നും സിപിഐ നിലപാടെടുത്തു. ഇതോടെയാണ് സിപിഎം മേയർ പദവി ഒഴിയാൻ തയ്യാറായത്.
മേയർ രാജിവെച്ചാൽ, അടുത്ത മേയറെ തിരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി മേയർക്കാണ് ഭരണച്ചുമതല. രാജിപ്രഖ്യാപനം വന്നതോടെ കോർപ്പറേഷനിൽ ഭരണച്ചുമതലയുള്ള മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സ്ഥിതിയിലായി. മേയറുടെ രാജിയെത്തുടർന്ന്, പദവി ഏറ്റെടുക്കണോ വേണ്ടയോ എന്നതുസംബന്ധിച്ച് സി.പി.ഐ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കുക.











