
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ മകൻ പോലീസ് കസ്റ്റഡിയിലായി. ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മരിച്ച അമ്മയുടെ മൃതദേഹം പുറംലോകത്തെ അറിയിക്കാതെ മകൻ കൃഷ്ണസ്വാമി മുറിക്കുള്ളിൽ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
മൃതദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞ് ഭസ്മവും ചന്ദനവും ചാർത്തി വിളക്ക് കൊളുത്തി പൂജ നടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കൃഷ്ണസ്വാമി വീട്ടിലേക്ക് മറ്റാരെയും പ്രവേശിപ്പിക്കാറില്ലായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
ദീർഘനാളായി രോഗബാധിതയായി കിടപ്പിലായിരുന്ന ചിന്നത്താമ്പയെ പരിചരിച്ചിരുന്നതും കൃഷ്ണസ്വാമിയായിരുന്നു. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും വീട്ടിലെത്തിയപ്പോഴും അമ്മയെ താൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് അവരെ മടക്കി അയക്കുന്നതായിരുന്നു പതിവെന്നും നാട്ടുകാർ പറയുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തി മുത്തശ്ശിയെ അന്വേഷിക്കുന്നതിനിടെ വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് വാർഡ് അംഗത്തെയും പോലീസിനെയും വിവരം അറിയിച്ചു.
രാത്രിയോടെ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണസ്വാമിയെ കസ്റ്റഡിയിലെടുത്ത പോലീസ്, അദ്ദേഹത്തിന് ആവശ്യമായ മാനസിക ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചു.











