12:03am 19 November 2026
NEWS
കൊല്ലത്ത് ടാർ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് 30ലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
18/11/2026  03:24 PM IST
nila
കൊല്ലത്ത് ടാർ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച് 30ലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊട്ടിയത്ത് ഓക്‌സിലിയം സ്‌കൂളിലെ മുപ്പതിലേറെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ശ്വാസംമുട്ടൽ, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

വിദ്യാർഥികൾക്ക് ഓക്‌സിജൻ സഹായം ഉൾപ്പെടെയുള്ള ചികിത്സ നൽകി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ടാർ മിക്‌സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാകാം കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതേ പ്ലാന്റിൽ നിന്നുള്ള പുക കാരണം മുൻപും സ്‌കൂളിലെ ഇരുപതിലേറെ വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് പരാതി ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

പ്ലാന്റിൽ നിന്നുള്ള പുക കാരണം പ്രദേശവാസികളും ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചതിനു പിന്നാലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം, കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്ലാന്റിൽ നിന്നുള്ള പുകയുമായി ബന്ധമില്ലെന്നാണ് പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img