
നിയന്ത്രണം വിട്ട മിനിവാൻ ബസ് കാത്തുനിന്നവർക്കു നേരെ പാഞ്ഞുകയറി രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പനവേലിയില്ൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്.
നിയന്ത്രണം വിട്ട വാൻ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചുകയറി. പരിക്കേറ്റവരെ ഉടൻതന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സാണ് മരിച്ച സോണിയ. അപകടത്തിൽ ഓട്ടോ ഡ്രൈവറായ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്.
മിനി വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമികവിലയിരുത്തൽ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.











