
കൊല്ലം: കരുനാഗപ്പള്ളിയിൽ കാറിടിച്ച് കാറിനടിയിൽ കുടുങ്ങിയ വയോധികനെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ കടത്തൂർ സ്വദേശി ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വയോധികന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
കരുനാഗപ്പള്ളി വവ്വാക്കാവിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. വയോധികനെ കാറിടിച്ച ശേഷം വാഹനം നിർത്താതെ മുന്നോട്ടുപോയ ഡ്രൈവർ, കാറിനടിയിൽ കുടുങ്ങിയ ഇയാളുമായി ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിച്ചു. സ്വന്തം വീടിന് 200 മീറ്ററോളം മാത്രം അകലെയെത്തിയപ്പോഴാണ് വയോധികനെ റോഡിൽ ഉപേക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിൽ പരുക്കേറ്റ് കിടന്ന വയോധികനെ നാട്ടുകാരാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.










