
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവതി മക്കളെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് പുത്തൻകണ്ടത്തിൽ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (7), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. ഭർത്താവിന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് യുവതി മക്കളെ തീകൊളുത്തിയ ശേഷം ജീവനൊടുക്കിയത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ആദിനാട് കൊച്ചുമാമൂട് ജംക്ഷനു വടക്കു ഭാഗത്തുള്ള വാടകവീടിന്റെ കിടപ്പുമുറിയിൽ വെച്ചാണ് താര ജീവനൊടുക്കാൻ ശ്രമിച്ചത്. ഒന്നര വർഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണൻ സമീപത്തെ കടയിൽ ചായകുടിക്കാൻ പോയ സമയത്താണ് സംഭവം. നിലവിളിയും പുകയുമുയർന്നതിനെ തുടർന്ന് നാട്ടുകാർ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ സന്ധ്യയോടെ മരിച്ചു.
താരയുടെ ഭർത്താവ് ഗിരീഷ് കുവൈറ്റിലാണ്. ഗിരീഷ് കുവൈറ്റിൽ നിന്ന് നാളെ നാട്ടിലെത്താനിരിക്കെയാണ് സംഭവം. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മൂവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. താരയുടെ ആത്മഹത്യക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.











