12:44am 13 November 2026
NEWS
ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
21/03/2026  12:38 PM IST
nila
ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.  മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി സന്ദീപ്  ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. എഴുപതിലേറെ സാക്ഷികളെ കോടതിയിൽ വിസ്തരിച്ചതിനു പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്.

2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയൽവാസിയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയിൽ എത്തിച്ച അയൽവാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടർ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവർത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സന്ദീപിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഓഗസ്റ്റ് 23നാണ് കേസിൽ പൊലീസ് ചാർജ്ഷീറ്റ് സമർപ്പിച്ചത്. ആക്രമണം മനഃപൂർവ്വം ആയിരുന്നുവെന്നും പ്രതിക്ക് മാനസികരോഗ ലക്ഷണങ്ങളില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ഫോറൻസിക് റിപ്പോർട്ട്. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ അപേക്ഷ വന്ദനയുടെ കുടുംബം നൽകിയെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു. കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നും കാലതാമസമില്ലാതെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഇത് കളവാണെന്ന് തെളിയിക്കുന്ന സാഹചര്യ തെളിവുകൾ ഓരോന്നായി എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാദമായിരുന്നു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ നടത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img