
പത്തനാപുരം: കുടുംബപ്രശ്നങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മകളുടെ കൺമുന്നിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. കൊല്ലം പട്ടാഴി പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു (48) ആണ് ഭാര്യ ക്രിസ്റ്റിയെ (38) കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ദമ്പതികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങി.
ഞായറാഴ്ച വൈകീട്ട് മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തിയ ക്രിസ്റ്റി വസ്ത്രങ്ങൾ എടുക്കുന്നതിനിടെയാണ് വീണ്ടും തർക്കമുണ്ടായത്. വാക്കേറ്റം രൂക്ഷമായതോടെ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റി രക്തംവാർന്ന് മരിച്ചു. നെഞ്ചിലും തലയിലും കഴുത്തിലുമാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു.
അമ്മയ്ക്കുനേരെയുണ്ടായ ആക്രമണം നേരിൽക്കണ്ട മകൾ ബിറ്റി നിലവിളിച്ചുകൊണ്ട് വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴേക്കും ബിനുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെയും കുന്നിക്കോട് എസ്.എച്ച്.ഒ ശരത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ബിനു. കലയപുരത്തെ സ്വകാര്യ സ്കൂളിൽ ജീവനക്കാരിയായിരുന്നു ക്രിസ്റ്റി. വിപിൻ ഇവരുടെ മകനാണ്.










