
ഓയൂർ: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ (55), ഭാര്യ കായംകുളം സ്വദേശിനി രശ്മി ബിജു (44) എന്നിവരാണ്അറസ്റ്റിലായത്. വ്യാജ കമ്പനികൾ ഗൾഫിൽ സ്ഥാപിച്ചെന്ന പേരിൽ ആളുകളിൽ നിന്ന് വൻതുകകൾ സമാഹരിക്കുകയും പിന്നീട് സാധനങ്ങൾ വാങ്ങിയശേഷം അവ മറിച്ചുവിൽപ്പന നടത്തി കമ്പനി പൂട്ടുകയും ചെയ്യുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി. ബിസിനസ് നിക്ഷേപ വാഗ്ദാനങ്ങൾക്കൊപ്പം വിവാഹവാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയതായും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവർ 10 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയയിൽ ജോലി ശരിയാക്കുകയും പൗരത്വം ഉറപ്പാക്കുകയും ചെയ്യാമെന്ന് പറഞ്ഞ് ഓയൂർ സ്വദേശിയിൽ നിന്ന് 10.5 ലക്ഷം രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കുറേനാളുകളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ എറണാകുളം മരടിൽ താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണ് വാടകവീട്ടിൽ നിന്ന് പിടിയിലായത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹവാഗ്ദാനം നൽകി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസും, എറണാകുളം സ്വദേശിയിൽ നിന്ന് ഖത്തറിൽ ബിസിനസ് തുടങ്ങാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ വാങ്ങിയ കേസും ഇവർക്കെതിരെയുണ്ട്. കണ്ണൂർ പഴയങ്ങാടി, ചവറ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ സമാന തട്ടിപ്പുകൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
കോഴിക്കോട്ടെ ഒരു സ്ത്രീയുടെ പേരിലുള്ള വസ്തു വിറ്റ് ലഭിച്ച 85 ലക്ഷം രൂപ വിവാഹവാഗ്ദാനം നൽകി തട്ടിയെടുത്തതായും കേസുണ്ട്. പ്രധാനമായും അവിവാഹിതരായ സ്ത്രീകളെ സമീപിച്ച് വിശ്വാസം നേടിയശേഷം വിവാഹവാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഖത്തർ ലോകകപ്പ് സമയത്ത് മെസ് ആരംഭിക്കാമെന്ന പേരിൽ കായംകുളം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇവർക്കെതിരെ പരാതി നിലവിലുണ്ട്. പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്വയം പരിക്കേൽപ്പിച്ച് മറിച്ച് പൊലീസിൽ പരാതി നൽകുന്ന രീതിയും ഇവർ സ്വീകരിച്ചിരുന്നുവെന്നാണ് ആരോപണം.
പ്രതികൾ അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ കൂടുതൽ പേർ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തി മുന്നോട്ട് വരുന്നതായി പൊലീസ് അറിയിച്ചു.











