06:27pm 06 August 2026
NEWS
അഞ്ചലിലെ യുവതിയേയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയെന്ന് ഒന്നാം പ്രതിയുടെ മൊഴി

05/01/2025  08:49 AM IST
nila
അഞ്ചലിലെ യുവതിയേയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയെന്ന് ഒന്നാം പ്രതിയുടെ മൊഴി

കൊച്ചി: അഞ്ചലിലെ രഞ്ജിനിയേയും ഇരട്ടകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് രണ്ടാം പ്രതിയെന്ന് ഒന്നാം പ്രതിയുടെ മൊഴി. ഒന്നാം പ്രതി ദിബിൽ കുമാറാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചതും രഞ്ജിനിയെയും 17ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതും രണ്ടാം പ്രതി രാജേഷാണെന്നും ദിബിൽ കുമാർ വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ 18 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 

രഞ്ജിനി കുട്ടികൾക്ക് ജന്മം നൽകും മുമ്പ് തന്നെ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തു. പിതൃത്വം ദിബിൽ കുമാർ ഏറ്റെടുക്കണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം നടത്തിയത്. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി പരിചയപ്പെട്ടു. വാടക വീട്ടിലേക്ക് അടക്കം ഇവരെ മാറ്റിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറഞ്ഞു. 

ഒളിവിൽ കഴിഞ്ഞതിൻറെ വിശദാംശങ്ങളും പ്രതികൾ പൊലീസിനോട് വിശദമായി പറഞ്ഞു. 2008ലാണ് പ്രതികൾ പോണ്ടിച്ചേരിയിൽ എത്തുന്നത്. കൊല നടത്തിയശേഷം രണ്ടു വർഷം ഇന്ത്യ മുഴുവൻ പ്രതികൾ കറങ്ങി. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളെ വിളിച്ചിരുന്നില്ല. സൈന്യത്തിൽ നിന്നുളള ശമ്പളം മിച്ചം പിടിച്ച തുകകൊണ്ടായിരുന്നു യാത്ര.

ഇരുവരും ഇൻറീരിയർ ഡിസൈനിങ് നേരത്തെ തന്നെ പഠിച്ചിരുന്നു. പോണ്ടിച്ചേരിയിലെത്തി വിഷ്ണുവെന്നും പ്രദീപ് എന്നും ഇരുവരും പേരുമാറ്റി അവിടുത്തുകാർക്ക് മുന്നിൽ സൽസ്വഭാവികളായി ചമഞ്ഞാണ്  പിടികൊടുക്കാതെ നിന്നത്. പോണ്ടിച്ചേരി സ്വദേശിനിയെ വിവാഹം കഴിച്ചതോടെ പിടിക്കപ്പെടില്ലെന്ന് കരുതിയെന്നും പ്രതികൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img