
2026 ഒക്ടോബർ 18 മുതൽ നവംബർ 16 വരെയാണ് തുലാമാസം. ഈ മാസത്തിൽ തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം, പ്രണയം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ഓരോ നക്ഷത്രക്കാർക്കും വ്യത്യസ്ത അനുഭവങ്ങളുണ്ടാകുമെന്നാണ് ജ്യോതിഷഫലം സൂചിപ്പിക്കുന്നത്. ചിലർക്ക് പുതിയ അവസരങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കുമ്പോൾ മറ്റുചിലർക്ക് കൂടുതൽ ജാഗ്രതയും ക്ഷമയും ആവശ്യമായി വരും. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാരുടെ തുലാമാസഫലം അറിയാം.
അശ്വതി
തൊഴിൽപരമായ യാത്രകൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കുമായി സമയം ചെലവഴിക്കേണ്ടിവരും. കാര്യങ്ങളിൽ ഏകാഗ്രത കുറയുന്നത് പ്രവർത്തനമികവിനെ ബാധിച്ചേക്കാം. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നിർദേശങ്ങൾ സ്വീകരിച്ച് തീരുമാനമെടുക്കുമ്പോൾ പിന്നീട് ഖേദിക്കേണ്ട സാഹചര്യം ഒഴിവാക്കണം. ബിസിനസിൽ പങ്കാളികളെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. മാസത്തിന്റെ പകുതിയോടെ അനുകൂല സാഹചര്യങ്ങൾ തെളിയുകയും മനസ്സമാധാനം വർധിക്കുകയും ചെയ്യും. ആത്മീയ കാര്യങ്ങളോടുള്ള താൽപര്യം കൂടും. നല്ല ഉപദേശങ്ങൾ സ്വീകരിക്കാനും പഴയകാല ഓർമകളിൽ മുഴുകാനും അവസരമുണ്ടാകും.
ഭരണി
ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും അവ തിരിച്ചറിയാൻ വൈകിയേക്കാം. ജോലിയിലെ ആത്മാർഥത മേലധികാരികളുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല. എന്നാൽ ബിസിനസിൽ വളർച്ചയ്ക്കും വിപുലീകരണത്തിനും സാധ്യതയുണ്ട്. വരുമാനം പ്രതീക്ഷിച്ചത്ര ഉയർന്നില്ലെങ്കിലും തൃപ്തികരമായിരിക്കും. വിരമിച്ചവർക്ക് അനുയോജ്യമായ ജോലികൾ ലഭിച്ചേക്കാം. ഊഹക്കച്ചവടത്തിൽ നേട്ടസാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ ഓൺലൈൻ സംരംഭങ്ങൾ പുരോഗമിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും അവസരങ്ങളും ലഭിക്കാം. യാത്രാക്ലേശത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കാർത്തിക
ഭാവി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ ആസൂത്രണം നടത്തേണ്ട സമയമാണിത്. പുതിയ മാറ്റങ്ങൾ സ്വീകരിക്കാൻ മനസ്സ് തയ്യാറാകുമെങ്കിലും പാരമ്പര്യ തൊഴിൽ ഉപേക്ഷിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാം. ജോലിയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നവർ ക്ഷമയോടെ കാത്തിരിക്കണം. നിലവിലെ ജോലി ഉപേക്ഷിച്ചാൽ ഉടൻ മറ്റൊന്ന് ലഭിക്കുമെന്ന് ഉറപ്പില്ല. വിദേശത്ത് തൊഴിൽ അവസരങ്ങൾ തെളിഞ്ഞേക്കാം. തർക്കങ്ങളിൽ ഒത്തുതീർപ്പ് സമീപനം ഗുണകരമാകും. വിദ്യാർഥികൾക്ക് പഠനത്തിൽ ഏകാഗ്രത വർധിക്കുകയും ഗവേഷണത്തിലെ തടസ്സങ്ങൾ മാറുകയും ചെയ്യും. ദാമ്പത്യജീവിതം പൊതുവേ സന്തോഷകരമായിരിക്കും. പുതിയ കൂട്ടുകെട്ടുകളിൽ കരുതൽ വേണം.
രോഹിണി
തൊഴിൽരംഗത്ത് മുന്നേറ്റത്തിനും പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതിനും അനുകൂലമായ സമയമാണ്. പ്രഫഷനലുകൾക്കും സാങ്കേതിക മേഖലയിലുള്ളവർക്കും നേട്ടങ്ങളുണ്ടാകാം. മത്സരങ്ങളിലും അഭിമുഖങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വ്യാപാരരംഗത്തെ തടസ്സങ്ങൾ നീങ്ങുകയും ഏജൻസികൾ നടത്തുന്നവർക്ക് പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുകയും ചെയ്യും. ബന്ധുക്കളുമായുള്ള അകൽച്ച മാറി വീണ്ടും ഒത്തുചേരാൻ അവസരമുണ്ടാകും. പ്രണയബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും. ജീവിതശൈലീരോഗങ്ങളുള്ളവർ വ്യായാമം, ഭക്ഷണനിയന്ത്രണം, ചികിത്സ എന്നിവയിൽ ശ്രദ്ധിക്കണം.
മകയിരം
പെരുമാറ്റവും സമീപനവും മറ്റുള്ളവരുടെ ആദരവ് നേടും. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാനുള്ള കഴിവ് വർധിക്കും. തൊഴിൽമേഖലയിൽ മാറ്റം ആഗ്രഹിക്കുമെങ്കിലും സാഹചര്യം അനുകൂലമാകാത്തത് നിരാശയുണ്ടാക്കിയേക്കാം. കടുത്ത നിലപാടുകൾ ശത്രുക്കളെ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഭൂമി വിൽപ്പനയിൽ തടസ്സങ്ങൾ നേരിടാം. ഗൃഹനിർമാണം ഇടയ്ക്കിടെ മുടങ്ങുകയോ വൈകുകയോ ചെയ്യാം. പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് ബന്ധുക്കളിൽനിന്ന് അനുകൂലമായ ഇടപെടലുകൾ ഉണ്ടാകാം. വീട്ടിലെ വയോജനങ്ങളുടെ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. ജീവിതശൈലീരോഗങ്ങളുള്ളവർ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
തിരുവാതിര
ഔദ്യോഗിക ചുമതലകൾ വർധിക്കുന്ന കാലമാണിത്. സംസാരത്തിൽ പരുഷത വരാൻ സാധ്യതയുള്ളതിനാൽ വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കണം. സാമ്പത്തികമായി ആശ്വാസകരമായ അനുഭവങ്ങളുണ്ടാകാം. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കും. ജോലിമാറ്റം ആഗ്രഹിക്കുന്നവർ അവസരങ്ങൾ വിലയിരുത്തണം. മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. സാമൂഹികപ്രവർത്തനങ്ങളിൽ സജീവമാകും. ക്രയവിക്രയങ്ങളിൽ ജാഗ്രത വേണം. വസ്തു വിൽപ്പനയിലൂടെ നേട്ടമുണ്ടാകാമെങ്കിലും അപ്രതീക്ഷിത നിരാശകൾ മനസ്സിനെ അലട്ടിയേക്കാം.
പുണർതം
തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും കഴിവുകൾ അംഗീകരിക്കപ്പെടുകയും ചെയ്യും. നിലവിലെ ജോലിയിൽ സമ്മർദം അനുഭവപ്പെട്ടേക്കാം. സ്വന്തം കഴിവുകളെക്കുറിച്ച് കൂടുതൽ വ്യക്തത നേടുന്ന സാഹചര്യങ്ങളുണ്ടാകും. ഏജൻസികളുടെയും ഫ്രാഞ്ചൈസികളുടെയും പ്രവർത്തനം ലാഭകരമാകാം. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുകയും ഹ്രസ്വകാല കോഴ്സുകളിൽ ചേരാൻ അവസരം കണ്ടെത്തുകയും ചെയ്യും. പ്രോജക്ടുകളിൽ മികച്ച മാർക്ക് നേടാനാകും. പ്രണയബന്ധങ്ങൾ സഫലമാകാൻ സാധ്യതയുണ്ട്. അതേസമയം, ചില കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദങ്ങളും അനുഭവപ്പെട്ടേക്കാം. അനാവശ്യ ആഡംബരച്ചെലവുകളും യാത്രാച്ചെലവുകളും നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
പൂയം
ലക്ഷ്യങ്ങൾ നേടാൻ പതിവിലധികം പരിശ്രമിക്കേണ്ടിവരും. ഉയർന്ന ജോലികൾക്കായി ശ്രമിക്കുന്നവർക്ക് നിയമനത്തിനായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം. അഭിമുഖങ്ങളിൽ വിജയിച്ചാലും ജോലി ഉടൻ ലഭിക്കണമെന്നില്ല. മുടങ്ങിക്കിടന്ന ചില വരുമാനമാർഗങ്ങൾ വീണ്ടും തുറന്നേക്കാം. മാനസിക അസ്വസ്ഥതയും അനാവശ്യ ചിന്തകളും ഒഴിവാക്കാൻ ശ്രമിക്കണം. കുടുംബാന്തരീക്ഷത്തിൽ സന്തോഷം വർധിക്കുകയും പ്രണയബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്യും. ചില തടസ്സങ്ങൾ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയേക്കാം. ആത്മീയകാര്യങ്ങളിൽ കാലതാമസം നേരിടാം. ആരോഗ്യപരിശോധനകളും ചികിത്സയും മാറ്റിവയ്ക്കരുത്.
ആയില്യം
പഠനത്തിലും ഗവേഷണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. തൊഴിൽരംഗത്ത് മേലധികാരികളുടെ പിന്തുണയും അപ്രതീക്ഷിത സഹായങ്ങളും ലഭിച്ചേക്കാം. കുടുംബജീവിതത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക സമ്മർദം കുറയുകയും ജോലിയിലെ ചില തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. പുതിയ ആശയങ്ങൾ കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കാൻ സാധിക്കും. ബിസിനസിൽ വളർച്ച പ്രതീക്ഷിക്കാം. നാട്ടിലെ ഭൂമി വിൽക്കാനുള്ള തീരുമാനം തൽക്കാലം മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്. മക്കളുടെ തൊഴിൽകാര്യങ്ങളിൽ അനുകൂല സൂചനകൾ ലഭിക്കും. കലാരംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചുതുടങ്ങും.
മകം
ലക്ഷ്യങ്ങൾ നേടുന്നതിനും തൊഴിൽരംഗത്ത് മുന്നേറുന്നതിനും അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. മേലധികാരികളുടെയും സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കും. അർഹമായ ജോലി തേടുന്നവർക്ക് പ്രതീക്ഷ കൈവിടേണ്ടതില്ല. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ സാധിക്കും. പഠനത്തിൽ താൽപര്യം വർധിക്കുമെങ്കിലും ഇടയ്ക്ക് അലസത അനുഭവപ്പെട്ടേക്കാം. സഹോദരങ്ങളുടെ പിന്തുണ സന്തോഷം നൽകും. മാനസിക സമ്മർദത്തിന് സാധ്യതയുള്ളതിനാൽ വിശ്രമത്തിന് സമയം കണ്ടെത്തണം. വാഹനം വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കുന്നത് ഉചിതമായേക്കാം. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ വേണം.
പൂരം
പരിശ്രമം വർധിക്കുമെങ്കിലും ലക്ഷ്യങ്ങൾ നേടുന്നതിൽ വലിയ തടസ്സങ്ങൾ നേരിടേണ്ടിവരില്ല. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. കലാപരമായ കഴിവുകൾ മെച്ചപ്പെടുത്താനും പരിശീലനം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. ഭാവിയിൽ കലാപരിപാടികളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. വിദ്യാഭ്യാസകാര്യങ്ങളിൽ പുരോഗതിയും ബൗദ്ധികമായ തീരുമാനങ്ങൾ എടുക്കാനുള്ള ആത്മവിശ്വാസവും വർധിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകും. സാമ്പത്തികമായി വലിയ പിരിമുറുക്കം പ്രതീക്ഷിക്കുന്നില്ല. പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കും. ഗൃഹനിർമാണവും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വൈകിയേക്കാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്.
ഉത്രം
അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ബിസിനസ് വികസനത്തിനായി പണം ചെലവഴിക്കേണ്ടിവന്നേക്കാം. പരസ്യപ്രചാരണം ഗുണം ചെയ്യും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ വരുമാനമാർഗം ലഭിച്ചേക്കാം. പൊതുപ്രവർത്തകർക്ക് ജനപിന്തുണയിൽ കുറവ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. അടുത്തവരിൽനിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ പരിശോധിച്ചശേഷം മാത്രം സ്വീകരിക്കുക. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കും. സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കണം. വിവാഹം ആഗ്രഹിക്കുന്നവർക്കും പുനർവിവാഹത്തിന് ശ്രമിക്കുന്നവർക്കും അനുകൂല സാഹചര്യങ്ങളുണ്ടാകാം. ഇടയ്ക്കിടെ പ്രതിസന്ധികൾ നേരിടേണ്ടിവന്നേക്കാം.
അത്തം
കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. തൊഴിൽസ്ഥലത്ത് സമാധാനക്കുറവ് അനുഭവപ്പെട്ടേക്കാം. എന്നാൽ സംസാരശേഷിയും ആശയവിനിമയ മികവും അംഗീകാരം നേടാൻ സഹായിക്കും. ഗവേഷണം, പഠനം, സാഹിത്യം, കവിത, അഭിനയം തുടങ്ങിയ മേഖലകളിൽ പുരോഗതിയുണ്ടാകാം. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടും. സാമ്പത്തിക സമ്മർദം കുറയാനും ഭൂമിയിൽനിന്ന് വരുമാനം ലഭിക്കാനും സാധ്യതയുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അംഗീകാരം ലഭിച്ചേക്കാം. പ്രണയബന്ധങ്ങൾ ഊഷ്മളമാകും. ദാമ്പത്യത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാമെന്നതിനാൽ പരസ്പര ധാരണ നിലനിർത്തണം. രോഗികൾ ചികിത്സ തുടരേണ്ടതാണ്.
ചിത്തിര
ജോലിയിൽ സമ്മർദം വർധിക്കാനും മേലധികാരികളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സ്വന്തം സ്ഥാപനത്തിന് പുതിയ ശാഖ ആരംഭിക്കാനുള്ള അവസരം ലഭിച്ചേക്കാം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദൂരവിദ്യാഭ്യാസത്തിലൂടെ ഇഷ്ടപ്പെട്ട കോഴ്സുകൾ പഠിക്കാനും കഴിയും. മുടങ്ങിക്കിടന്ന ഗൃഹനിർമാണം പുനരാരംഭിക്കാനിടയുണ്ട്. രാഷ്ട്രീയരംഗത്ത് എതിർപ്പുകൾ നേരിടേണ്ടിവന്നേക്കാം. കിംവദന്തികൾക്ക് പിന്നാലെ പോകാതെ ജാഗ്രത പുലർത്തണം. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം. ആഡംബരവസ്തുക്കൾക്കായി അമിതമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കണം. പ്രണയബന്ധങ്ങൾ മെച്ചപ്പെടുമെങ്കിലും ആരോഗ്യസംരക്ഷണത്തിൽ വീഴ്ച വരുത്തരുത്.
ചോതി
ഈ മാസം നേട്ടങ്ങളും ചില ബുദ്ധിമുട്ടുകളും ഒരുമിച്ചുണ്ടാകാം. ദേഹക്ഷീണവും യാത്രാക്ലേശവും അനുഭവപ്പെടുമ്പോഴും ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പ്രണയബന്ധങ്ങളിൽ സന്തോഷം വർധിക്കുകയും ബിസിനസിലൂടെ വരുമാനം മെച്ചപ്പെടുകയും ചെയ്യും. കരാർ ജോലികൾ തടസ്സമില്ലാതെ മുന്നോട്ടുപോകാം. എന്നാൽ മേലധികാരികളുടെ അപ്രീതി നേടാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനും ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത കൈവരിക്കാനും കഴിയും. വിദേശത്തോ അന്യനാട്ടിലോ കഴിയുന്നവർക്ക് വിസ, പെർമിറ്റ് പ്രശ്നങ്ങളിൽ പരിഹാരം ലഭിച്ചേക്കാം. ഗൃഹനിർമാണം മന്ദഗതിയിലാകാം. ഭാവിക്കായി സാമ്പത്തിക കരുതൽ സ്വീകരിക്കുന്നത് ഗുണകരമാകും.
വിശാഖം
തൊഴിൽരംഗത്ത് പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നേക്കാം. പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിന് മുമ്പ് വിശദമായി ആലോചിക്കേണ്ടിവരും. മേലധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രോത്സാഹനം ലഭിക്കണമെന്നില്ല. ജോലിസ്ഥലത്ത് ഒറ്റപ്പെടുന്ന അനുഭവവും ഉണ്ടാകാം. തിരക്കുകൾ കാരണം പ്രധാന കാര്യങ്ങൾ വൈകാൻ സാധ്യതയുണ്ട്. സംസാരത്തിൽ നിയന്ത്രണം പാലിക്കാത്തത് ശത്രുക്കളെ സൃഷ്ടിച്ചേക്കാം. പൊതുപ്രവർത്തനങ്ങളിൽ മടുപ്പ് അനുഭവപ്പെടാം. പ്രണയബന്ധങ്ങളിൽ പ്രതീക്ഷ നിലനിർത്താനാകും. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടുപോകും. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകാം. വായ്പ, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ ഗുണകരമായേക്കാം.
അനിഴം
തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ കുറയാനിടയുള്ളതിനാൽ കൂടുതൽ പരിശ്രമം ആവശ്യമാണ്. ഔദ്യോഗിക യാത്രകളും വീടുവിട്ടുനിൽക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാം. സ്വന്തം കാര്യങ്ങളിൽ അശ്രദ്ധ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പണം മുടക്കി തുടങ്ങിയ സംരംഭങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ കാലതാമസമുണ്ടായേക്കാം. ഏജൻസി, കമ്മീഷൻ തുടങ്ങിയ മേഖലകളിൽനിന്ന് വരുമാനം ലഭിക്കാം. സഹോദരങ്ങളുടെ സഹായം ലഭിക്കുകയും ഭൂമി സംബന്ധിച്ച ഇടപാടുകൾ പൂർത്തിയാകുകയും ചെയ്യും. വിദ്യാർഥികൾക്ക് പ്രോജക്ടുകളിൽ മികച്ച മാർക്ക് നേടാനാകും. പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ തെളിയാം. പിതാവിന്റെ നിർദേശങ്ങൾ കുടുംബജീവിതത്തിൽ ഗുണകരമാകും.
തൃക്കേട്ട
കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ചിലപ്പോൾ ദൂരയാത്രകൾ വേണ്ടിവന്നേക്കാം. നല്ല കാര്യങ്ങൾക്കായി സമയവും അധ്വാനവും ചെലവഴിക്കും. മത്സരങ്ങളിൽ എതിരാളികളെ മറികടക്കാൻ സാധിക്കും. ഔദ്യോഗിക കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകാം. ഗവേഷണവുമായി ബന്ധപ്പെട്ട് വിദഗ്ധരെ സമീപിക്കേണ്ടിവരും. പ്രണയബന്ധങ്ങൾ പൊതുവേ തടസ്സമില്ലാതെ മുന്നോട്ടുപോകും. ദാമ്പത്യജീവിതത്തിൽ സന്തോഷവും അസ്വസ്ഥതയും മാറിമാറി വരാം. വായ്പാ അപേക്ഷകൾക്ക് അനുകൂല പ്രതികരണം ലഭിച്ചേക്കാം. വസ്തു വിൽപ്പനയിലെ തടസ്സങ്ങൾ തുടരാം. ആഗ്രഹിച്ച ജോലി ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. ആത്മീയകാര്യങ്ങൾക്കായി സമയം കണ്ടെത്താൻ ശ്രമിക്കണം.
മൂലം
തൊഴിൽ, സാമ്പത്തികം, വിദ്യാഭ്യാസം, കല തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഏറെക്കാലമായി പരിശ്രമിച്ചിട്ടും നേടാനാകാത്ത ചില കാര്യങ്ങൾ എളുപ്പത്തിൽ സാധിച്ചേക്കാം. സ്വന്തം കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകും. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയം നേടുകയും തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്യും. പാരിതോഷികങ്ങളും അംഗീകാരങ്ങളും ലഭിച്ചേക്കാം. കുടുംബജീവിതത്തിൽ സംതൃപ്തിയും പ്രണയത്തിൽ സന്തോഷവും ഉണ്ടാകും. അതേസമയം, മാനസിക സമ്മർദത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ദേഷ്യം നിയന്ത്രിക്കാനും ശ്രദ്ധിക്കണം.
പൂരാടം
ജീവിതത്തിൽ പുരോഗതിയും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. തൊഴിൽസ്ഥലത്ത് സമാധാനകരമായ അന്തരീക്ഷം നിലനിൽക്കുകയും സഹപ്രവർത്തകരിൽനിന്നും മേലധികാരികളിൽനിന്നും അംഗീകാരം ലഭിക്കുകയും ചെയ്യും. പുതിയ ജോലി തേടുന്നവർക്കും ജോലിമാറ്റം ആഗ്രഹിക്കുന്നവർക്കും അവസരങ്ങൾ തെളിയാം. പാരമ്പര്യ തൊഴിൽ മേഖലയിൽ നവീകരണം കൊണ്ടുവരാൻ സാധിക്കും. ഉപഭോക്താക്കളുടെ പിന്തുണയും സൗഹൃദബന്ധങ്ങളിലെ വളർച്ചയും സന്തോഷം നൽകും. സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. എന്നാൽ ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രദ്ധ പുലർത്തണം.
ഉത്രാടം
പ്രയാസകരമെന്ന് തോന്നുന്ന പല കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കാൻ കഴിയും. തൊഴിൽരംഗത്ത് മത്സരബുദ്ധിയോടെ മുന്നേറുകയും പരീക്ഷകളിലും അഭിമുഖങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വർധിച്ചേക്കാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനും ആവശ്യമായ നടപടി സ്വീകരിക്കാനും കഴിയും. നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കണം. മക്കളുടെ പഠനത്തിൽ സംതൃപ്തിയുണ്ടാകും. കുടുംബത്തോടൊപ്പം മംഗളകർമങ്ങളിൽ പങ്കെടുക്കാനും പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിച്ചേക്കാം. അമിത ആത്മവിശ്വാസം ഒഴിവാക്കുകയും നിലവിലെ ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് ആലോചിക്കുകയും വേണം.
തിരുവോണം
തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരിക്കാനും ഏറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങളിൽ ചിലത് പ്രാവർത്തികമാക്കാനും സാധിക്കും. ജോലിസ്ഥലത്ത് അംഗീകാരവും മേലധികാരികളുടെ പിന്തുണയും ലഭിക്കും. പ്രോജക്ടുകൾക്കാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കപ്പെടാം. പങ്കാളിത്ത ബിസിനസിൽ ലാഭം വർധിക്കാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് സംഘടനാ രംഗത്ത് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കും. മത്സരമില്ലാതെ നേതൃസ്ഥാനത്തേക്ക് എത്താനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ കൃത്യത പാലിക്കണം. വരവുചെലവുകൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നത് ഭാവിയിൽ ഗുണകരമാകും. രോഗികൾക്ക് തുടർചികിത്സയിലൂടെ ആശ്വാസം ലഭിച്ചേക്കാം.
അവിട്ടം
മകരക്കൂറുകാർക്ക് കൂടുതൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുംഭക്കൂറുകാർക്ക് ശരാശരി ഫലങ്ങളായിരിക്കും. വ്യാപാര-വ്യവസായ മേഖലകളിൽ കഴിഞ്ഞ മാസത്തേക്കാൾ ഉണർവുണ്ടാകും. കുംഭക്കൂറുകാർക്ക് ഭൂമി വിൽക്കാനും ഗൃഹനിർമാണത്തിനുള്ള വായ്പ ലഭിക്കാനും സാധ്യതയുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുകയോ മത്സരാധിഷ്ഠിത കരാറുകൾ നേടുകയോ ചെയ്യാം. വിദേശ സർവകലാശാലകളിൽ പഠിക്കാൻ ചെറുപ്പക്കാർ ശ്രമിച്ചേക്കാം. മകരക്കൂറുകാർക്ക് വിവാഹകാര്യങ്ങളിൽ അനുകൂല സാഹചര്യമുണ്ടാകാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും തീർത്ഥാടനം ആസൂത്രണം ചെയ്യാനും സാധ്യതയുണ്ട്. മക്കളുടെ പഠനത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധ വേണം. ആരോഗ്യപരിശോധനകൾ മുടക്കരുത്.
ചതയം
ജോലിയിലും വ്യക്തിജീവിതത്തിലും വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. തൊഴിൽമേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെങ്കിലും മാനസിക സമ്മർദം വർധിക്കാം. വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിക്കുമെങ്കിലും പ്രതീക്ഷിച്ച പിന്തുണ എല്ലാവരിൽനിന്നും ഉണ്ടാകണമെന്നില്ല. പണം മുടക്കി സംരംഭങ്ങൾ നടത്തുന്നവർ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കണം. പങ്കാളിത്ത ബിസിനസിൽ മുഴുവൻ കരുതൽധനവും നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കോടതി വ്യവഹാരങ്ങളിൽ ആശ്വാസകരമായ വിധി ലഭിക്കാം. ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ മാറിയേക്കാം. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പൊതുപ്രവർത്തകർക്ക് സംഘടനാതലത്തിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം. ആരോഗ്യപരിശോധനകൾ അവഗണിക്കരുത്.
പൂരൂരുട്ടാതി
മീനക്കൂറുകാർക്കും കുംഭക്കൂറുകാർക്കും വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും ഈ മാസം. തൊഴിൽസ്ഥലത്ത് മാറ്റങ്ങൾ ആഗ്രഹിച്ചാലും അവ ഉടൻ നടപ്പാക്കാൻ കഴിയണമെന്നില്ല. മീനക്കൂറുകാർക്ക് സർഗാത്മകത വർധിക്കുകയും കലാരംഗത്ത് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. കുംഭക്കൂറുകാർക്ക് ഭൂമി സംബന്ധമായ കാര്യങ്ങളിൽ പുരോഗതിയുണ്ടാകാം. പ്രായോഗികമായ സമീപനം പല കാര്യങ്ങളിലും ഗുണം ചെയ്യും. വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം തുടരാൻ അവസരമുണ്ടാകും. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്ക തോന്നാം. വയോജനങ്ങളുടെ സംരക്ഷണത്തിന് സമയം കണ്ടെത്തും. വാഹനം മാറ്റിവാങ്ങാനുള്ള സാഹചര്യമുണ്ടാകാം. പൊതുപ്രവർത്തനങ്ങളിലൂടെ ജനപിന്തുണ വർധിക്കാനും സാധ്യതയുണ്ട്.
ഉത്രട്ടാതി
ആത്മവിശ്വാസത്തിൽ കുറവുണ്ടാകാനും കാര്യങ്ങൾ നീട്ടിവയ്ക്കുന്ന പ്രവണത വർധിക്കാനും സാധ്യതയുണ്ട്. ആലോചനയില്ലാതെ തീരുമാനമെടുക്കുന്നത് തിരിച്ചടികൾക്ക് കാരണമാകാം. എങ്കിലും ചില കാര്യങ്ങളിൽ അനുകൂല ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. മക്കളുടെ പഠനം, ജോലി, ബിസിനസ് എന്നിവയിലെ പുരോഗതി സന്തോഷം നൽകും. സ്വന്തം വരുമാനമാർഗം കണ്ടെത്താൻ ശ്രമിക്കുന്നവർ ക്ഷമയോടെ മുന്നോട്ടുപോകണം. വിദേശയാത്രയ്ക്കും പ്രവാസത്തിനും സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കണം. സ്വത്തവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉടലെടുക്കാം. ആഡംബരച്ചെലവുകൾ വർധിച്ചേക്കാം. പ്രണയബന്ധങ്ങളിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.
രേവതി
പ്രായോഗിക പരിചയം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കാലമാണിത്. തൊഴിൽരംഗത്ത് അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങൾ മാറിമാറി വരാം. മേലധികാരികളുടെ അതൃപ്തിയോ അർഹമായ സ്ഥാനക്കയറ്റം വൈകുന്നതോ നിരാശയുണ്ടാക്കിയേക്കാം. എന്നിരുന്നാലും സ്വന്തം നിലപാടുകൾ വ്യക്തമായി വിശദീകരിച്ച് മുന്നോട്ടുപോകാൻ സാധിക്കും. ഭാവനയും സർഗാത്മകതയും വർധിക്കുന്നതിനാൽ കലാരംഗത്ത് അവസരങ്ങൾ ലഭിച്ചേക്കാം. കടം വാങ്ങി പുതിയ സ്ഥാപനം ആരംഭിക്കുന്നത് തൽക്കാലം ഒഴിവാക്കുന്നതാണ് ഉചിതം. മറ്റൊരു ജോലി ഉറപ്പാക്കാതെ നിലവിലെ ജോലി ഉപേക്ഷിക്കരുത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. ജീവിതശൈലീരോഗങ്ങളുള്ളവർ ആരോഗ്യപരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.










