
കൊൽക്കത്ത: മകനെ തൂക്കി കൊല്ലാൻ വിധിച്ചാലും സ്വാഗതം ചെയ്യുമെന്ന് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ. ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിയുടെ മാതാവ് മാലതി റോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്നലെ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് വിധിച്ചികുന്നു. ഇയാളുടെ ശിക്ഷ നാളെ വിധിക്കും. ഈ സാഹചര്യത്തിലാണ് മാതാവ് മാലതി റോയിയുടെ പ്രതികരണം.
മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു. ''എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകും. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും''- മാലതി റോയി പറഞ്ഞു.











