കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കുത്ത്; തിരക്കിൽപെട്ട് മൂന്നുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ തമ്മിൽ കൊമ്പ് കോർത്തു. തിരക്കിൽപെട്ട് മൂന്നുപേർ മരിച്ചു. പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. ആനകളുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരിച്ചതെന്നാണ് വിവരം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
പിതാംബരൻ, ഗോഗുൽ എന്നീ ആനകളാണ് വിരണ്ടത്. ആന മറിഞ്ഞുവീണ ഓഫീസിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വർധിക്കാൻ കാരണമായി. ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളുമാണ്.
അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാർ തളച്ചു. അക്രമാസക്തരായ ആനകൾ ക്ഷേത്രകെട്ടിടത്തിന്റെ മേൽക്കൂരയും ഓഫീസ് മുറിയും തകർത്തു. പത്തുവർഷം മുമ്പും ഇതേ ക്ഷേത്രത്തിൽ ആനയിടഞ്ഞിരുന്നു.











