
ഇസ്ലാമാബാദ്: ജുമുഅ നമസ്കാരത്തിനിടെ പാകിസ്താനിൽ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വയിലെ കോഹാട്ട് ജില്ലയിലെ പോലീസ് ലൈൻസ് കോംപ്ലക്സിനുള്ളിലെ മസ്ജിദിലുണ്ടായ ചാവേർ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. 56 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി വിശ്വാസികൾ മസ്ജിദിൽ ഒത്തുകൂടിയ സമയത്താണ് ശക്തമായ സ്ഫോടനമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് ലൈൻസിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
സ്ഫോടനത്തിന്റെ ശക്തിയിൽ മസ്ജിദിന്റെ ഒരു ഭാഗം തകർന്നുവീണു. സമീപത്തെ വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സ്ഫോടനം നടന്ന മേഖലയിലേക്കുള്ള റോഡുകൾ പോലീസ് അടച്ചു. ഇതിനിടെ ആയുധധാരികളായ ഭീകരരും സുരക്ഷാസേനയും തമ്മിൽ വെടിവയ്പ് നടന്നതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരിം കുന്ദിയും ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തെ ഇരുവരും അപലപിച്ചു. സ്ഫോടനത്തിൽ മസ്ജിദിന്റെ മേൽക്കൂരയും മറ്റ് ഭാഗങ്ങളും തകർന്നുകിടക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.










