
ബംഗളുരു: യലഹങ്കയ്‌ക്ക് സമീപം കൊഗിലുവിലെ മുന്നൂറോളം വീടുകളും കുടിലുകളും കർണാടക സർക്കാർ ഇടിച്ചുനിരത്തിയ നടപടി ദേശീയതലത്തിൽ ചർച്ചയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രസ്താവനയിലൂടെ ആ സംഭവം ജനശ്രദ്ധയിൽ കൊണ്ടുവന്നത്. വാസിം ലേ ഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിലെ മുന്നൂറോളം താമസസ്ഥലങ്ങളാണ് ഡിസംബർ ഇരുപതിനു പുലർച്ചെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. അവിടെ താമസിച്ചിരുന്നവർക്ക് നോട്ടീസോ മുന്നറിയിപ്പോ നൽകിയിരുന്നില്ല. ഖരമാലിന്യ ശേഖരണത്തിനും സംസ്കരണകേന്ദ്രം നിർമ്മിക്കാനുമായി സംസ്ഥാന സർക്കാർ മാറ്റിവെച്ച ഭൂമിയായിരുന്നു അത്. അവിടെ ആളുകൾ അനധികൃതമായി വീടുകൾ നിർമ്മിച്ചും കുടിലുകൾ കെട്ടിയും താമസമാക്കുകയായിരുന്നെന്നാണ് പ്രശ്നം ഹൈക്കോടതിൽ എത്തിയപ്പോൾ ഗവണ്മെന്റ് ബോധിപ്പിച്ചത്. പാർപ്പിടം നഷ്ടപ്പെട്ടവരിലേറെയും മുസ്ലിം സമുദായത്തിൽ പെട്ടവരാണ്. ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിക്കാനാവശ്യമായ രേഖകളൊന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കൈവശം ഉണ്ടായിരുന്നില്ല. വീടുകൾ നഷ്ടപ്പെട്ടിട്ടും മുന്നൂറോളം കുടുംബങ്ങൾ ഒഴിഞ്ഞുപോകാതെ അവിടെത്തന്നെ ടെൻറ്റുകൾ കെട്ടി താമസിക്കുകയാണ്. സർക്കാർ ഒരുക്കിയ പുനരധിവാസകേന്ദ്രങ്ങളിലേക്ക് പോകാൻ ആരും കൂട്ടാക്കുന്നില്ല. ആ കേന്ദ്രങ്ങൾ താമസയോഗ്യമല്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നുമാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ കോടതിയെ അറിയിച്ചത്. കൊഗിലുവിൽ തന്നെ വീടുകൾ നിർമ്മിച്ചുനൽകണമെന്നാണ് അവരുടെ വാദം. 2014 ൽ ഖരമാ ലിന്യ സംസ്കരണ കേന്ദ്രത്തിനായി ഗവണ്മെന്റ് ഉത്തരവിലൂടെ മാറ്റിവെച്ച 14 ഏക്ര ഭൂമിയിലാണ് കയ്യേറ്റം നടന്നിട്ടുള്ളതെന്നും അവിടം ആവാസയോഗ്യമല്ലെന്നുമുള്ള നിലപാടാണ് ഗവണ്മെന്റിനുള്ളത്. ഈ സാഹചര്യത്തിൽ വിഷയം പഠിച്ച് ഹൈക്കോടതിയെ അറിയിക്കാൻ അമിക്കസ് ക്യുറിയെ നിയോഗിച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് സി എം പൂനച്ച എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. ബി വി വിദ്യുലതയാണ് അമിക്കസ് ക്യുറി. അവരെ സഹായിക്കാൻ കർണാടക ലീഗൽ സർവീസ് അതോറിറ്റിയ്‌ക്ക് ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
Photo Courtesy - Google











