
ചെങ്ങന്നൂർ: കെ റെയിൽ പ്രക്ഷോഭത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ആറു വർഷങ്ങൾക്കുമേൽ നീണ്ടുനിന്ന ജനകീയ പ്രക്ഷോഭത്തിന്റെ വിജയത്തെ തുടർന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണമായി പിൻവലിച്ചു കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുളക്കുഴ സി സി പ്ലാസയിൽ സംഘടിപ്പിച്ച വിജയാഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഏതൊരു വിഷയത്തിലും ഈ പ്രക്ഷോഭം മാതൃകയായി സ്വീകരിച്ച് ജനങ്ങളുടെ ചെറുത്ത് നിൽപ്പ് ഉണ്ടാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി.
സമരസമിതി താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ച വിജയ ആഹ്ലാദ സംഗമത്തിൽ സമരസമിതി സംസ്ഥാന രക്ഷാധികാരി ജോസഫ് എം പുതുശ്ശേരി, പത്തനംതിട്ട ജില്ലാ ചെയർമാൻ അരുൺ ബാബു, അഡ്വ. എബി കുര്യാക്കോസ്, ജൂണി കുതിരവട്ടം, ആർ. പാർത്ഥസാരഥി വർമ്മ, ശ്രീകല ഗോപി, ബി . ദിലീപന്‍, തത്ത ഗോപിനാഥ്, അഡ്വ. ജോർജ് തോമസ്, അഡ്വ.ഡി. നാഗേഷ് കുമാർ, കെ.കെ. സജി കുമാർ, തോമസ് എബ്രഹാം, പ്രവീൺ എൻ. പ്രഭ, എൻ.ആർ. ശ്രീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ മധു ചെങ്ങന്നൂർ സ്വാഗതവും റ്റി. കോശി കൃതജ്ഞതയും പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്, എസ്. രാജീവൻ, ജോസഫ് എം . പുതുശ്ശേരി എന്നിവരെ താലൂക്ക് സമിതി പൊന്നാട ചാർത്തി ആദരിച്ചു. പിരശ്ശേരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിജയ ആഹ്ലാദ റാലിക്ക് സമരസമിതി നേതാക്കൾ നേതൃത്വം നൽകി.











