04:21am 07 September 2026
NEWS
ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും അടങ്ങുന്ന തിരുട്ടു സംഘമാണ് സ്വര്‍ണ്ണ മോഷണം നടത്തിയതെന്ന് കൊടികുന്നിൽ സുരേഷ് എം.പി
06/10/2025  04:03 PM IST
nila
ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും അടങ്ങുന്ന തിരുട്ടു സംഘമാണ് സ്വര്‍ണ്ണ മോഷണം നടത്തിയതെന്ന് കൊടികുന്നിൽ സുരേഷ് എം.പി

ചെങ്ങന്നൂർ: ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും അടങ്ങുന്ന തിരുട്ടു സംഘമാണ് സ്വര്‍ണ്ണ മോഷണം നടത്തിയതെന്ന് കൊടികുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിൽ പറഞ്ഞു. തിരുട്ടസംഘത്തിന്റെ സംരക്ഷകന്‍ മുഖ്യമന്ത്രി ആയതിനാലാണ് മൗനം തുടരുന്നത്. സ്ത്രീ പ്രവേശന സമയത്ത് ആചാരലംഘനം നടത്താന്‍ കാട്ടിയ ആവേശം മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ സ്വത്ത് നഷ്ടപ്പെട്ടപ്പോഴില്ല. ഇത്രയും ഗുരുതരമായ മോഷണം നടന്നിട്ടും മറ്റു അന്വേഷണം വേണ്ടെന്ന നിലപാട് ദൂരൂഹവും സംശയാസ്പദവുമാണ്.  1998 ല്‍ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പം പിണറായി ഭരണത്തില്‍ ചെമ്പായി മാറിയത് എങ്ങനെയാണ്. വിശ്വാസത്തിലാണ് ചെമ്പ് തെളിഞ്ഞത്. 


1998ല്‍ യുബി ഗ്രൂപ്പ്  ചെയര്‍മാന്‍ സ്വര്‍ണ്ണം പൊതിഞ്ഞത് സാധൂകരിക്കുന്ന തെളിവുകളും ഹൈക്കോടതി രേഖകളിലുണ്ട്. അതിന് ചെലവായ തുകയായ 1.75 കോടിയുടെ കാര്യവും വ്യക്തമാക്കുന്നുണ്ട്. ദേവസ്വം വിജിലന്‍സ് രേഖയിലും ഇക്കാര്യം വ്യക്തമാണ്.എന്നാല്‍ 2019ല്‍ കൈമാറിയത് ചെമ്പ് എന്ന ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് എങ്ങനെയുണ്ടായി? സ്‌പോണസറായി അവതരിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം ഒതുങ്ങുന്ന തട്ടിപ്പല്ലിത്

ദ്വാരപാലക ശില്‍പ്പത്തിന്റെത് ചെമ്പ് പാളിയെന്ന പ്രചരണം തെറ്റാണ് വ്യക്തമാക്കുന്നതാണ്  മുന്‍ ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനിയര്‍ രവി കുമാറിന്റെ വെളിപ്പെടുത്തല്‍.  പേപ്പര്‍ കനത്തില്‍ സ്വര്‍ണ്ണഫോയിലുകളാക്കി, ഇങ്ങനെ എഴുപാളികളാക്കിയാണ് പതിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കൂടാതെ അദ്ദേഹം വിമരമിക്കുന്ന 2013 വരെ ഇതിനൊന്നും ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് കൂടി ചേര്‍ത്ത് വായിക്കണം. ഇത്രയൊക്കെ  വിവാദം ഉയര്‍ന്നിട്ടും പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ല. അവരുടെ അന്വേഷണം സ്വീകാരവുമല്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പലതും ലംഘിച്ചാണ് സ്വര്‍ണ്ണപ്പാളി മോഷണത്തിന് കളം ഒരുക്കിയത്. ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്. 

2019ല്‍ കൊണ്ടുപോയ് തൂക്കത്തില്‍ കുറവുണ്ടായിട്ടും എന്തു കൊണ്ട് പരിശോധന നടത്തിയില്ല എന്നതിന് സര്‍ക്കാരിന് ഉത്തരമുണ്ടോ. സന്നിധാനത്തെ രജിസ്റ്ററില്‍ 42.8 കിലോ ഗ്രാമം എന്നും ചെന്നൈയില്‍ തൂക്കിയപ്പോള്‍  38.653 എന്നുമാണ്.  നാലു കിലോയുടെ കുറവ് കണ്ടെത്തി. പൂശിയപാളിയില്‍ വീണ്ടും സ്വര്‍ണ്ണം പുശാറില്ലെന്ന്  കമ്പനി പറയുമ്പോള്‍ 2019ല്‍ സ്വര്‍ണ്ണം പൂശിയെന്ന് പറയുന്നതിന്റെ ആധികാരികതയെന്ത്? അതോ 1998ലെ സ്വര്‍ണം പൂശിയ പാളി മൊത്തത്തില്‍ നഷ്ടമായോ എന്നും  കൊടികുന്നിൽ ചോദിച്ചു.

ഈ വര്‍ഷം വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ വീണ്ടും പഴയ സ്‌പോണ്‍സറെ തന്നെ ചുമതലപ്പെടുത്തിയത് ദൂരൂഹമാണ്. സ്വര്‍ണ്ണം മോഷ്ടിച്ച് ഇത്രയും നാളും രഹസ്യമാക്കിയ വ്യക്തിയെ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ നിയോഗിച്ച ബോര്‍ഡിന്റെ പ്രവൃത്തിയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. സര്‍ക്കാരും ബോര്‍ഡുമാണ് പ്രതികള്‍. വിശ്വാസത്തെയും ശബരിമലയെയും സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനും സാമ്പത്തിയ ക്രമക്കേടുകള്‍ക്കും കരുവാക്കുകയാണ്.സാമുദായിക സംഘടനകളെപ്പോലും വിശ്വാസത്തിലെടുത്ത് ചതിക്കുകയാണ് പിണറായി സര്‍ക്കാര്‍.

ശബരിമലയുടെ രക്ഷകരല്ല ഈ സര്‍ക്കാര്‍, പകരം അതിനെ നശിപ്പിക്കാനും കട്ടുമുടിക്കാനും വന്നവരാണ്. ആട്ടിന്‍തോലണിഞ്ഞ ചെന്നായുടെ സ്വാഭവമാണ് ഈ വിഷയത്തില്‍ പിണറായി സര്‍ക്കാരിന്. മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണം എക്കാലവും വലിയ ദൗര്‍ബല്യമാണ്. കൂട്ടുക്കച്ചവടമാണ് നടന്നത്. സ്വര്‍ണ്ണത്തില്‍ കുറവുണ്ടായെന്ന കാര്യം ബോധ്യപ്പെട്ടിട്ടും അത് മൂടിവെച്ചു. പക്ഷെ, സ്വാമി അയ്യപ്പന്റെ ചൈതന്യമാണ് ഈ വലിയ കൊള്ള പുറത്തുവരാന്‍ കാരണം.

ദേവസ്വം ബോര്‍ഡിന്റെ പക്കലുണ്ടാകേണ്ട സ്വര്‍ണ്ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ഇടനിലക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടും അതെവിടെ എങ്ങനെയെത്തി, ആരാണ് അതിന് അധികാരവും സൗകര്യവും കൊടുത്തത് എന്നിവ അന്വേഷിക്കേണ്ടതാണ്.
അമ്പലം വിഴുങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണം സ്വീകാര്യമല്ല. ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിലൂടെ കള്ളം പുറത്തുവരുകയുള്ളുവെന്നും എം.പി വ്യക്തമാക്കി.
ശബരിമല  സംഭവവുമായി ബന്ധപ്പെട്ട് കെ പി സി സിയുടെ നേതൃത്വത്തിൽ 9 ന് പത്തനംതിട്ടയിൽ യോഗം നടക്കുമെന്നും എം.പി അറിയിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി സമ്മേളനം ഉദ്ഘാനം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.