
തിരുവനന്തപുരം:ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് പരസ്യമായി മദ്യപിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു. സംഭവത്തിൽ സേനയ്ക്ക് വലിയ നാണക്കേടുണ്ടായെന്നും, ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ജി.പി പറഞ്ഞെങ്കിലും, സംഭവത്തിൽ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണ് തലശ്ശേരി പൊലീസിൻ്റെ നിലപാട്. അതേസമയം, കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. ഇതിനെത്തുടർന്ന് കൊടി സുനിയുടെയും സംഘത്തിന്റെയും തുടർവിചാരണ വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്.
കൊടി സുനിയെ വിചാരണ തടവുകാരനായതിനാൽ ജയിൽ വസ്ത്രത്തിന് പകരം കാവിമുണ്ട് ധരിച്ചതിൽ നിയമപരമായി അസ്വാഭാവികതയില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ചേർത്തലയിലെ തിരോധാന കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.











