
കൊച്ചി: കളമശേരിയിലെ സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശിനി ശരണ്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിച്ചിരുന്നത് ശരണ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ അതിജീവിത നൽകിയ മൊഴിയിലും ശരണ്യക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.
ശരണ്യയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്നും അതിക്രമത്തിന് ഇരയാക്കിയതെന്നും യുവതി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ലഹരി ഉപയോഗത്തിന് പിന്നാലെ ശരണ്യയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാറുണ്ടെന്നും ലഹരിയുടെ സ്വാധീനത്തിലാണ് യുവതികൾക്കെതിരായ അതിക്രമങ്ങൾ നടത്തിയിരുന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
കൊച്ചിയിലെ വിവിധ സ്പാകളിലേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത് ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. സ്പാകളിൽ പ്രശ്നങ്ങളുണ്ടായാൽ ഇടപെട്ട് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉടമകളിൽനിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായും പരാതിയുണ്ട്. സ്ത്രീകളെ കണ്ടെത്തി ഫോണിലൂടെ ബന്ധപ്പെടുന്നതും സ്പായിലെ ജോലിക്കായി എത്തിക്കുന്നതും ശരണ്യയുടെ ചുമതലയിലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജോലിക്കെത്തുന്ന സ്ത്രീകൾക്ക് 'ഗ്രൂമിങ്' എന്ന പേരിൽ നിർദേശങ്ങൾ നൽകിയിരുന്നതായും പൊലീസ് പറയുന്നു.
സ്പായിൽ ജോലിക്കെത്തിയ ശരണ്യ ആദ്യം അതിക്രമത്തിന് ഇരയായിരുന്നുവെന്നും പിന്നീട് ശ്രീരാജുമായുള്ള അടുപ്പത്തിലൂടെ കുറ്റകൃത്യങ്ങളിൽ പങ്കാളിയായെന്നുമാണ് പൊലീസിന്റെ നിഗമനം. രണ്ട് ലഹരിക്കേസുകളിലും യുവതികളോട് അപമര്യാദയായി പെരുമാറിയ കേസിലും ശ്രീരാജ് പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
കേസിൽ ഒന്നാം പ്രതിയായ ശ്രീരാജിനെയും മറ്റൊരു പ്രതിയായ ജിത്ത് മാർട്ടിനെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയെയും നാലാം പ്രതിയായ സഞ്ജയെയും കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. യുവതി മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സഞ്ജയ് തടഞ്ഞുനിർത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കൂട്ടബലാത്സംഗം നടന്നതായി ആരോപിക്കപ്പെടുന്ന ലോഡ്ജിന്റെ മുകളിലത്തെ നിലയിലെ മുറിയിലെത്തിച്ചാണ് ശരണ്യയെയും സഞ്ജയെയും പൊലീസ് തെളിവെടുപ്പ് നടത്തിയത്. യുവതിയെ ലഹരിമരുന്ന് നൽകിയശേഷം ഒരു രാത്രി മുഴുവൻ മുറിയിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയെ ആദ്യം അഭിമുഖത്തിനായി ക്ഷണിച്ച 'ഡിലൈറ്റ് സ്പാ'യിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം
അതിക്രമം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്ത നിലയിലാണെന്ന് പൊലീസ് കണ്ടെത്തി. ദൃശ്യങ്ങൾ വീണ്ടെടുത്ത് ലോഡ്ജിലെത്തിയവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ടുപേർ കൂടി മുറിയിലെത്തിയിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, യുവതി രക്ഷപ്പെട്ടതിന് ശേഷമായിരിക്കാം ഇവർ മുറിയിൽ പ്രവേശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ലോഡ്ജിൽ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിരുന്നുവെന്നും പൊലീസ് ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ലോഡ്ജിൽ നടന്നതായി ആരോപിക്കപ്പെടുന്ന മറ്റ് സംഭവങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.










