നിർദിഷ്ട കൊച്ചി ഓഷ്യനേറിയം ‘മിഷൻ സമുദ്ര’യുടെ കേന്ദ്രബിന്ദുവായും കേരളത്തിന്റെ വളർന്നുവരുന്ന നീല സമ്പദ്വ്യവസ്ഥയുടെ മുഖമുദ്രയായും മാറാൻ കഴിയുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ പറഞ്ഞു.
നിർദിഷ്ട കൊച്ചി ഓഷ്യനേറിയത്തെക്കുറിച്ച് നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രത്തെക്കുറിച്ചുള്ള അറിവിന്റെയും സംരക്ഷണത്തിന്റെയും തുടക്കം കൗതുകത്തിൽ നിന്നാണെന്നും, പ്രത്യേകിച്ച് കുട്ടികളിൽ സമുദ്രത്തോടുള്ള കൗതുകവും താൽപര്യവും വളർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമുദ്രത്തെ നേരിട്ടറിയാനും അനുഭവിച്ചറിയാനും കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങളിലൂടെ സമുദ്രസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താനും സമുദ്രവുമായി ദീർഘകാല ബന്ധം സൃഷ്ടിക്കാനും ഓഷ്യനേറിയത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂ സ്കിൽ വികസനം, ഉത്തരവാദിത്ത ടൂറിസം, തീരദേശ ജനവിഭാഗങ്ങളുടെ ഉപജീവനമാർഗങ്ങൾ, ഗവേഷണം, സമുദ്രസംരക്ഷണം mഎന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ ഓഷ്യനേറിയത്തിന് നീല സമ്പദ്വ്യവസ്ഥയിലേക്കുള്ള ഒരു കവാടമായി പ്രവർത്തിക്കാനാകുമെന്ന് ഡോ. ബിജുകുമാർ പറഞ്ഞു. കൊച്ചിയുടെ സമ്പന്നമായ സമുദ്രപൈതൃകം പരിഗണിച്ച്, പ്രദേശത്തിന്റെ സമുദ്രചരിത്രവും ജീവസമുദ്രവും ഒരുപോലെ അവതരിപ്പിക്കുന്ന മാരിടൈം മ്യൂസിയവുമായി ഓഷ്യനേറിയത്തെ സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠന ലബോറട്ടറികൾ, ഗവേഷണ-സംരക്ഷണ സംവിധാനങ്ങൾ, കോൺഫറൻസ്-സെമിനാർ വേദികൾ, പൊതുജന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഓഷ്യൻ ലേണിംഗ് ക്യാമ്പസ്’ ആയി ഓഷ്യനേറിയത്തെ വികസിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഓഷ്യനേറിയത്തിൽ ഒരുക്കുന്ന അനുഭവാധിഷ്ഠിത സംവിധാനങ്ങൾ വിനോദത്തിൽ മാത്രം കേന്ദ്രീകരിക്കാതെ ശക്തമായ വിദ്യാഭ്യാസ-സംരക്ഷണ ലക്ഷ്യങ്ങൾ കൂടി ഉൾക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദിഷ്ട ഓഷ്യനേറിയത്തിന് സുസ്ഥിരമായ സാമ്പത്തിക മാതൃക അനിവാര്യമാണെന്നും വൈസ് ചാൻസലർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സമുദ്രസമ്പത്ത്, സമുദ്രജൈവവൈവിധ്യം, സവിശേഷമായ സമുദ്രപൈതൃകം എന്നിവ സന്ദർശകർക്ക് എങ്ങനെ പരിചയപ്പെടുത്തുന്നു എന്നത് പദ്ധതിയുടെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിൽ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാരിടൈം പൈതൃകം, സമുദ്രവിദ്യാഭ്യാസം, സംരക്ഷണം, ടൂറിസം, നീല സമ്പദ്വ്യവസ്ഥ എന്നിവയെ ഒരൊറ്റ വേദിയിൽ കൂട്ടിയിണക്കി, ജനങ്ങളെയും സമുദ്രത്തെയും കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ദീർഘകാല പൊതുവേദിയായി കൊച്ചി ഓഷ്യനേറിയത്തിന് മാറാൻ കഴിയുമെന്നും ‘മിഷൻ സമുദ്ര’യുടെ ദർശനത്തിന് ശക്തമായ പിന്തുണ നൽകുന്ന പദ്ധതിയായി ഇത് വികസിപ്പിക്കാനാകുമെന്നും ഡോ. ബിജുകുമാർ പറഞ്ഞു.








