
കൊക്കെയ്‌ൻ ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബ്രസീലീയൻ ദമ്പതികൾ പിടിയിലായത്. ഒരോരുത്തരും അമ്പതോളം ക്യാപ്സൂളുകൾ വിഴുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കൊച്ചി ഡിആർഐ യൂണിറ്റാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. സ്‌കാനിങ്ങിലാണ് ഇവർ ലഹരിമരുന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത് സംശയത്തെത്തുടർന്ന് വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ, ഇവരുടെ ബാഗുകളിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സംശയം തോന്നി സ്‌കാനിങ്ങിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്.
കൊക്കെയ്ൻ ക്യാപ്സൂളുകൾ പുറത്തെടുക്കാനായി കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഏറെ അപകടകരമായ രീതിയിലുള്ള ലഹരിക്കടത്താണിത്. ശരീരത്തിനുള്ളിൽവെച്ച് ഈ ക്യാപ്‌സ്യൂളുകൾ പൊട്ടിയാൽ മരണം വരെ സംഭവിച്ചേക്കാം.











