03:51am 12 November 2026
NEWS
അന്താരാഷ്ട്ര സെ ക്സ് റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ബിലാലിക്ക; യുവതികളെ എത്തിക്കുന്നതിന് ഒരുലക്ഷം രൂപവരെ കമ്മീഷൻ
23/05/2026  09:41 AM IST
NILA
അന്താരാഷ്ട്ര സെ ക്സ് റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ബിലാലിക്ക; യുവതികളെ എത്തിക്കുന്നതിന് ഒരുലക്ഷം രൂപവരെ കമ്മീഷൻ

കൊച്ചി: മോഡലിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ബിലാൽ എന്ന എസ്. ശ്രീകുമാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേസിലെ പ്രധാന ഇടനിലക്കാരനും മുഖ്യസൂത്രധാരനുമാണ് ഇയാളെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ആലപ്പുഴ സ്വദേശിയായ ശ്രീകുമാർ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്ന് പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾ ഇയാളെ "ബിലാലിക്ക" എന്ന പേരിലാണ് വിളിച്ചിരുന്നത്. യുവതികളെ ദുബായിലേക്ക് എത്തിക്കുന്നതിനായി ഓരോരുത്തരിൽ നിന്നും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കമ്മീഷൻ വാങ്ങിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫോൺ പരിശോധനയിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു.

പരാതിക്കാരിയുടെ കുടുംബത്തെ സമീപിച്ച് ദുബായിൽ മികച്ച തൊഴിൽ അവസരങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചതും ബിലാലാണെന്നാണ് കണ്ടെത്തൽ. കേസിലെ മൂന്നാം പ്രതിയായ മഞ്ജിമയെയും പരാതിക്കാരിയെയും ഒന്നാം പ്രതി സിന്ധുവിന് പരിചയപ്പെടുത്തിയതും ഇയാളാണെന്ന് അന്വേഷണസംഘം പറയുന്നു.

ബിലാൽ, രണ്ടാം പ്രതി ഷംല, മൂന്നാം പ്രതി മഞ്ജിമ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ ദുബായിലേക്ക് കൊണ്ടുപോയതെന്നാണ് കേസ്. യുവതികളെ എത്തിക്കുന്നതിന്റെ എണ്ണത്തിനനുസരിച്ച് ബിലാലിന് പ്രതിഫലം ലഭിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സിന്ധുവിനുവേണ്ടി യുവതികളെ ദുബായിലേക്ക് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ബിലാൽ എന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. നിരവധി യുവതികളെ ഇതേ രീതിയിൽ വിദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും സൂചനയുണ്ട്.

ദുബായിൽ എത്തിച്ച ശേഷം യുവതികൾക്ക് ബലമായി ലഹരിമരുന്ന് നൽകിയതായും തുടർന്ന് നിരവധി ആളുകൾക്ക് ലൈംഗിക ചൂഷണത്തിനായി കൈമാറിയതായും അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ പരാതിക്കാരിയുടെ കുടുംബാംഗങ്ങൾക്ക് അയച്ചുനൽകിയെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേർ അറസ്റ്റിലായി. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ, നാലാം പ്രതി അലീന, ആറാം പ്രതി ബിലാൽ എന്ന ശ്രീകുമാർ എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തും ഇപ്പോഴും ഒളിവിലാണെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img