കൊച്ചി: പദ്ധതിവിഹിത വിനിയോഗത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ കൊച്ചി നഗരസഭ ഒന്നാം സ്ഥാനത്ത്. 2025 - 26 സാമ്പത്തികവർഷം പദ്ധതിവിഹിത വിനിയോഗത്തിൽ 66.42 ശതമാനം വിനിയോഗിച്ചാണ് കൊച്ചി നഗരസഭ ഒന്നാമതെത്തിയത്. ഡിസംബർ വരെയുള്ള കാലയളവിൽ 23 ശതമാനം മാത്രമാണ് പ്ലാൻ ഫണ്ട് ചെലവഴിച്ചത്. പുതിയ യുഡിഎഫ് ഭരണസമിതി ചുമതലയേറ്റതിന് ശേഷം രണ്ടര മാസം കൊണ്ട് 43 ശതമാനം കൂടി ചിലവഹിക്കാൻ നഗരസഭയ്ക്ക് സാധിച്ചു എന്ന് മേയർ വി കെ മിനിമോൾ പറഞ്ഞു. ആകെയുള്ള പദ്ധതി വിഹിതം 98.28 കോടിയാണ്. 32.86 കോടി വീതം മൂന്ന് ഘട്ടമായാണ് നഗരസഭയ്ക്ക് പദ്ധതി വിഹിതം ലഭിക്കുന്നത്. ഇതിൽ രണ്ടു ഘട്ടം തുക മാത്രമാണ് നഗരസഭയ്ക്ക് സർക്കാർ അനുവദിച്ച് നൽകിയത്. നഗരസഭ ഇത് പൂർണമായും വിനിയോഗിക്കുകയും ചെയ്തു. മൂന്നാംഘട്ട പ്ലാൻ ഫണ്ട് വിഹിതം സർക്കാർ നൽകാത്തതിനാൽ പൂർത്തിയാക്കിയ ധാരാളം പ്രവർത്തികളുടെ ബിൽ തുക നൽകാൻ നഗരസഭക്ക് സാധിച്ചില്ല. ടി തുക കൂടി ലഭിച്ചിരുന്നെങ്കിൽ നഗരസഭയുടെ ചെലവ് 84 ശതമാനമായി ഉയരുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ മൂന്നാം ഘട്ട പ്ലാൻ ഫണ്ട് നൽകാതിരിക്കുകയും ഇത് മറച്ചു വച്ച് നഗരസഭയുടെ കഴിവ് കേടാണെന്ന് ചിലർ പ്രചരിപ്പിക്കുകയും നഗരസഭക്കെതിരെ നുണപ്രചരണം നടത്തുകയുമാണ് ചിലർ ചെയ്തത്. വസ്തുതകൾ മറച്ചു വച്ചുകൊണ്ട് ചില മാധ്യമങ്ങളും സിപിഎം നേതാക്കളും പദ്ധതി വിഹിതത്തിൽ കൊച്ചി നഗരസഭ ഏറ്റവും പിന്നിലാണെന്ന പ്രചാരണം നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർ പരസ്യമായി മാപ്പ് പറയണമെന്നും മേയർ ആവശ്യപ്പെട്ടു.









