11:20pm 14 October 2026
NEWS
ഒരു നെല്ലും ഒരു മീനും സമ്പ്രദായം നിർത്തലാക്കി 12 മാസവും ഓരു(ഉപ്പ്) വെള്ളം പാടശേഖരങ്ങളിൽ കെട്ടി നിർത്തണം എന്ന കൊച്ചി എം. എൽ. എ. മുഹമ്മദ് ഷിയാസിന്റെ ആവശ്യം അശാസ്ത്രീയം.
14/10/2026  09:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒരു നെല്ലും ഒരു മീനും സമ്പ്രദായം നിർത്തലാക്കി 12 മാസവും ഓരു(ഉപ്പ്) വെള്ളം പാടശേഖരങ്ങളിൽ കെട്ടി നിർത്തണം എന്ന കൊച്ചി എം. എൽ. എ. മുഹമ്മദ് ഷിയാസിന്റെ ആവശ്യം അശാസ്ത്രീയം.

“സസ്റ്റൈനബിലിറ്റി” തത്ത്വങ്ങൾ അവഗണിച്ച്, “ഒരു നെല്ലും ഒരു മീനും” സമ്പ്രദായം അട്ടിമറിച്ചുകൊണ്ടുള്ള ചെമ്മീൻകൃഷി ഉൽപ്പന്നങ്ങൾ അമേരിക്കയിലും യൂറോപ്പിലും വിറ്റഴിക്കാനാവില്ല.

തീരദേശത്തെ പൊക്കാളിപ്പാടശേഖരങ്ങളിൽ “ഒരു നെല്ല്, ഒരു മീൻ” സമ്പ്രദായം നിർത്തലാക്കി 12 മാസവും മത്സ്യകൃഷി നടപ്പിലാക്കണമെന്ന ആവശ്യം സീഫുഡ് കമ്പനികൾക്കുവേണ്ടി കൊച്ചി എം.എൽ.എ. മുഹമ്മദ് ഷിയാസ് ഇന്ന് നിയമസഭയിൽ ഉന്നയിച്ചത് മധ്യകേരളത്തിലെ തീരദേശത്തെ തകർക്കുന്നതാണ്.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഏത് വ്യവസായത്തിനും ഒരു പരിധിക്കപ്പുറം വളരുന്നതിന് പരിമിതികളുണ്ട്. അത് യാഥാർഥ്യമാണ്. അതിന് ചെയ്യേണ്ടത് അതത് വ്യവസായങ്ങൾ വളരാൻ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് കേരളത്തിലെ പല കമ്പനികളും കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കുന്നത്. സീഫുഡ് കമ്പനികൾ അവരുടെ തുടർന്നുള്ള വളർച്ചയ്ക്കായി ആന്ധ്ര പോലുള്ള സ്ഥലങ്ങളിൽ നിക്ഷേപം നടത്തണം; അവിടെ യൂണിറ്റുകൾ തുടങ്ങണം. അല്ലാതെ, മുലപ്പാൽ കുടി നിർത്തില്ലെന്ന് വാശിപിടിച്ച് അമ്മയുടെ മാറിടം കടിച്ചുകീറാൻ ശ്രമിക്കരുത്. വരുമാനം മൂലധനമായി നിക്ഷേപിക്കാതെ ധൂർത്തടിച്ച് ജീവിക്കുന്ന രീതി കുറയ്ക്കാൻ മുഹമ്മദ് ഷിയാസ് തന്റെ സീഫുഡ് സുഹൃത്തുക്കളോട് പറയണം.

12 മാസവും ചെമ്മീൻകൃഷി നടത്തിയാൽ മധ്യകേരളത്തിലെ തീരദേശത്ത് ഭൂമിയുടെ സ്വഭാവം മാറും. ഓരുവെള്ളം കെട്ടിക്കിടന്ന് മണ്ണിലെ ഉപ്പിന്റെ അംശം വർധിക്കുന്നതോടെ ചെടികളും മരങ്ങളും വളരില്ല. ശുദ്ധജലസ്രോതസ്സുകൾ ഇല്ലാതെയാകും. തൽപ്പരകക്ഷികൾ പൊക്കാളി നെൽകൃഷി മനഃപൂർവം തടഞ്ഞുവെച്ചിരിക്കുകയാണ്. മുഹമ്മദ് ഷിയാസ് ഇപ്പോൾ ഉന്നയിച്ച ആവശ്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അത്.

കഴിവുകെട്ടതും സീഫുഡ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ അറിയാത്തതുമായ ആഡംബരപ്രിയരായ ചിലരുടെ ആവശ്യം നാട് നശിപ്പിക്കണമെന്നതാണ്. അതിന് കോൺഗ്രസ് പാർട്ടി കൂട്ടുനിന്നാൽ ശക്തമായ എതിർപ്പുകൾ ഉണ്ടാകും.

“ഒരു നെല്ലും ഒരു മീനും” സമ്പ്രദായം കേവലം ഒരു കൃഷിരീതി മാത്രമല്ല; പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള ഒരു ക്രമം കൂടിയാണ്. ആധുനിക ലോകത്ത് ഇതിനെ “സസ്റ്റൈനബിലിറ്റി” എന്ന് പറയും. നമ്മൾ നടത്തുന്ന വ്യവസായ പ്രക്രിയകൾ സസ്റ്റൈനബിൾ ആയിരിക്കണം. യൂറോപ്യൻ യൂണിയൻ അടക്കമുള്ള വികസിത മേഖലകൾ ഈ ആശയങ്ങളെ ഓഡിറ്റിങ്ങിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഒരു നെല്ലും ഒരു മീനും” സമ്പ്രദായം അട്ടിമറിച്ചുകൊണ്ടുള്ള ചെമ്മീൻകൃഷി ഉൽപ്പന്നങ്ങൾ അമേരിക്കയിലും യൂറോപ്പിലും വിറ്റഴിക്കാനാവില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img