കൊച്ചി : മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നത്.
ഒഡിഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' (UMI) കോൺഫറൻസിനോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 24-ന് നടക്കുന്ന സമാപന ചടങ്ങിൽ കേന്ദ്രമന്ത്രി മനോഹർ ലാൽ അവാർഡുകൾ സമ്മാനിക്കും.
യാത്രക്കാർക്ക് സുഗമവും മികവാർന്നതുമായ യാത്രാാനുഭവം ഉറപ്പാക്കുന്നതിലും നഗരഗതാഗത രംഗത്ത് നൂതന സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലുമുള്ള കൊച്ചി മെട്രോയുടെ തുടർച്ചയായ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരങ്ങൾ വിലയിരുത്തപ്പെടുന്നത്.









