
മഴക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ–ട്രാഫിക് നിയന്ത്രണ നടപടികൾ കൊച്ചി മെട്രോ ശക്തിപ്പെടുത്തി.
മഴയിലും വാഹന ഗതാഗതം തടസപ്പെടാതെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മെട്രോ അലൈൻമെന്റിലുടനീളം അധിക ട്രാഫിക് വാർഡൻമാരെ വിന്യസിക്കും. വാഹന ഗതാഗത നിയന്ത്രണത്തിനും കാൽനട യാത്രക്കാർക്ക് സഹായം നൽകുന്നതിനുമായിരിക്കും ഇവരുടെ സേവനം. മഴക്കാല സുരക്ഷാ ക്രമീകരണങ്ങൾ നിരന്തരം വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഉന്നതതല ആഭ്യന്തര സമിതിയും രൂപീകരിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും കാഴ്ച ഉറപ്പാക്കാൻ ബാരിക്കേഡുകളുടെ അറ്റങ്ങളിൽ അധിക റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചു. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ പുനഃക്രമീകരിക്കുകയും വഴിത്തിരിവുകളിലും ഡൈവർഷൻ ഭാഗങ്ങളിലും വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമാണം പൂർത്തിയായ മേഖലകളിൽ ബാരിക്കേഡുകൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് ഗതാഗത തടസം കുറയ്ക്കുന്ന നടപടികളും ആരംഭിച്ചു. പൊതുജന സൗകര്യാർത്ഥം അധിക ക്രോസിംഗുകളും സജ്ജമാക്കിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ ബാരിക്കേഡുകളുടെ ഉയരം കുറച്ച് വാഹനയാത്രക്കാർക്ക് കൂടുതൽ വ്യക്തമായ കാഴ്ച ഉറപ്പാക്കിയിട്ടുണ്ട്.
ഇതിനൊപ്പം നിർമാണ മേഖലകളിൽ സമഗ്രമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിക്കാനും എല്ലാ കരാറുകാരർക്കും നിർദേശം നൽകിയിട്ടുണ്ട്. നിർമാണ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കൽ, വെള്ളക്കെട്ട് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഡീവാട്ടറിംഗ് സംവിധാനങ്ങൾ സജ്ജമാക്കൽ തുടങ്ങിയ നടപടികൾ ഇതിനകം ആരംഭിച്ചു. കെഎംആർഎല്ലിൻ്റെ പരിധിയിലുള്ള മഴവെള്ള ചാലുകളും ഡ്രെയിനുകളും സമഗ്രമായി വൃത്തിയാക്കി വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അപകട സാഹചര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനായി പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെയും സാങ്കേതിക വിദഗ്ധരെയും ഉൾപ്പെടുത്തി എമർജൻസി റെസ്പോൺസ് ടീമുകളും എല്ലാ നിർമാണ കേന്ദ്രങ്ങളിലും സജ്ജമാക്കും.
മഴക്കാലം അവസാനിക്കുന്നതുവരെ റോഡുകളുടെ വശങ്ങളിൽ നിർമാണ സാമഗ്രികൾ നിക്ഷേപിക്കരുതെന്ന് കരാറുകാരർക്കും അനുബന്ധ ഏജൻസികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു.
Photo Courtesy - Google








