കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ (EJADCS) ഉടമസ്ഥതയിലുള്ളതും പ്രവർത്തനരഹിതമായി കിടക്കുന്നതുമായ ഏകദേശം 30 ഇ-ഓട്ടോറിക്ഷകൾ ഉടൻ നീക്കം ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംഘത്തിന് നിർദ്ദേശം നൽകി.കലൂർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ അനധികൃതമായി ഇട്ടിരിക്കുന്ന ഇത്തരം വാഹനങ്ങളെല്ലാം 2026 ഏപ്രിൽ 30-നകം നീക്കം ചെയ്യണമെന്നും നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ മെയ് 1 മുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
ഈ വാഹനങ്ങൾ കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ളതാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലും, സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയുമാണ് വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകിയത്. ഈ ഇ-ഓട്ടോറിക്ഷകൾ കൊച്ചി മെട്രോയുടേതല്ലെന്ന് വ്യക്തമാക്കിയ കെ.എം.ആർ.എൽ
മെട്രോ പരിസരത്ത് സുരക്ഷയും ക്രമവും കൃത്യമായ നിയന്ത്രണങ്ങളും നിലനിർത്തുന്നതിൽ കൊച്ചി മെട്രോ പ്രതിജ്ഞാബദ്ധമാണെന്നും, നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ എല്ലാ കക്ഷികളും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.










