
കെഎംആർഎൽ കോര്‍പറേറ്റ് ഓഫീസില്‍ മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന യോഗം. ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്, സഞ്ജയ് കുമാര്‍, രവീന്ദ്ര കുമാര്‍ പഠക് എന്നിവർ സമീപം.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ(കെ.എം.ആര്.എല്‍) വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. ഫിനാന്‍സ്, എച്ച്ആര്‍, എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ്്, ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ വര്‍ക്ക്സ്, ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനമാണു വിലയിരുത്തിയത്.
പ്രോജക്ട്സ്, ഓപറേഷന്‍സ്, ഫിനാന്‍സ്, എച്ച്.ആര്., ഐ.ടി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഒഴിവുകള്‍ സമയബന്ധിതമായി നികത്താനും, റിക്രൂട്ട്മെന്റ് നടപടികള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പൂര്‍ത്തിയാക്കാനും മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശിച്ചു.
ടിക്കറ്റ് വരുമാനത്തിനൊപ്പം നിലവില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനുകള്‍ക്ക് ബ്രാന്‍ഡ് നാമങ്ങള്‍ ചേര്‍ത്ത് നല്കുന്ന സെമി നെയിമിംഗ് (Semi-Naming Rights / Station Branding) രീതി വളരെ വിജയകരമായി നടപ്പിലാക്കുന്ന സ്ഥാപനമാണ് കൊച്ചി മെട്രോ. വൈറ്റില മെട്രോ സ്റ്റേഷന് സെമി നെയിമിംഗ് നല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയായാല്‍ കൊച്ചി മെട്രോയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നും സെമി നെയിമിംഗിലൂടെ വരുമാനം ലഭിക്കും. ഇതോടെ എല്ലാ സ്റ്റേഷനുകളില്‍ നിന്നും സെമി നെയിമിംഗിലൂടെ വരുമാനം കണ്ടെത്തുന്ന നേട്ടവും കൊച്ചി മെട്രോയ്ക്ക് സ്വന്തമാകും. ലാസ്റ്റ്മൈല്‍ കണക്ടിവിറ്റിക്കായി ഉപയോഗിക്കുന്ന ഫീഡര്‍ ബസുകളില്‍ പരസ്യം നല്കി ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതും പരിഗണനയിലുണ്ട്.
കലൂര്‍ ജെ.എന്‍.എല്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതോടെ ടിക്കറ്റ് വരുമാനത്തിനൊപ്പം സെമി നെയിമിംഗ്, ഇന്‍സൈഡ്, ഔട്ട് സൈഡ് പരസ്യം, പില്ലര്‍, മീഡിയന് തുടങ്ങിയവയില്‍ പരസ്യം നല്കുന്നതിലൂടെയുള്ള വരുമാനങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിക്കുവാനും മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശിച്ചു.
കലൂരിലെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന യോഗത്തില്‍ ഡയറക്ടര്‍മാരായ ഡോ.എം.പി.രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്), വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Courtesy - Google









