06:36pm 01 September 2026
NEWS
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു
01/09/2026  04:09 PM IST
nila
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിക്ക് നിർണായക ചുവടുവെപ്പ്. അങ്കമാലി വരെയുള്ള മെട്രോ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴിയാണ് പുതിയ മെട്രോ പാത വിഭാവനം ചെയ്തിരിക്കുന്നത്. പാതയുടെ ഒരു ഭാഗം ഭൂഗർഭമായിരിക്കും. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കുള്ള മെട്രോ പാതയ്ക്ക് ഏകദേശം 18 കിലോമീറ്റർ ദൈർഘ്യമുണ്ടാകും. ഇതിൽ മൂന്ന് കിലോമീറ്ററോളം ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റേഷനുകൾ ഉൾപ്പെടുമെന്ന് നിലവിൽ വ്യക്തമായിട്ടില്ല.

ഡി.പി.ആർ. ലഭിച്ചതോടെ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി നേടുന്നതിനുള്ള നടപടികളാണ് ഇനി ആരംഭിക്കുക. സംസ്ഥാന സർക്കാർ പദ്ധതിരേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ.

നിലവിൽ ആലുവയിൽനിന്ന് തൃപ്പൂണിത്തുറയിലേക്കാണ് കൊച്ചി മെട്രോ സർവീസ് നടത്തുന്നത്. 27 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം. അതേസമയം, കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണം പുരോഗമിക്കുകയാണ്. നിർമാണം അടുത്ത വർഷം ഓഗസ്റ്റോടെ പൂർത്തിയാക്കാനാണ് പ്രതീക്ഷ.

വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോ

മൂന്നാംഘട്ടം യാഥാർഥ്യമായാൽ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ കയറുന്ന യാത്രക്കാർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നേരിട്ട് എത്താനാകും. അങ്കമാലിയിൽനിന്ന് ദിവസേന ആയിരക്കണക്കിന് ആളുകൾ കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിൽ പുതിയ മെട്രോ പാത യാത്രാസൗകര്യത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഇതിന് പിന്നാലെ മെട്രോ കാക്കനാട്ടേക്കും നീട്ടണമെന്ന ആവശ്യവും ശക്തമാണ്. തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സർക്കുലർ മെട്രോ പാത ഒരുക്കണമെന്ന നിർദേശമാണ് നിലവിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img