
പുതിയ മെട്രോ പാതയ്ക്കായുള്ള ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സീമെൻസ് ലിമിറ്റഡും കൈമാറുന്നു
കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ പുരോഗതിയിൽ മറ്റൊരു സുപ്രധാന ചുവടുവെയ്പായി, പുതിയ മെട്രോ പാതയ്ക്കായുള്ള ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നത് സംബന്ധിച്ച 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സീമെൻസ് ലിമിറ്റഡിന് നൽകി.
മത്സരാധിഷ്ഠിതമായ തുറന്ന ടെൻഡർ നടപടിക്രമത്തിലൂടെയാണ് കരാർ നൽകിയത്. സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലുകൾക്ക് ശേഷമാണ് സീമെൻസ് ലിമിറ്റഡ് ഏറ്റവും യോഗ്യമായ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്.
കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കെഎംആർഎല്ലിനെ പ്രതിനിധീകരിച്ച് ചീഫ് എൻജിനീയർ ജോൺസൺ ടി. സിയും, സീമെൻസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരും കരാറിൽ ഒപ്പുവച്ചു. കെഎംആർഎൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ജോയിന്റ് ജനറൽ മാനേജർ (സിഗ്നലിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) ശ്രീ സജിത് വി., ജനറൽ കൺസൾട്ടന്റായ സിസ്‌ട്രയുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
പുതിയ മെട്രോ പാതയുടെ സുരക്ഷിതവും കാര്യക്ഷമവും സുഗമവുമായ പ്രവർത്തനത്തിന് ആവശ്യമായ സമഗ്ര ആശയവിനിമയ സംവിധാനങ്ങളാണ് ഈ കരാറിന്റെ ഭാഗമായി ഒരുക്കുക. യാത്രക്കാർക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ വിവരഫലകങ്ങൾ, സി.സി.ടി.വി. നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങൾ, ഓഫീസ് ഓട്ടോമേഷൻ ശൃംഖല, സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് ഈ കരാർ യാഥാർഥ്യമായിരിക്കുന്നത്. പ്രധാന സിവിൽ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് സുപ്രധാന കരാറുകൾക്കും പിന്നാലെ ടെലികമ്മ്യൂണിക്കേഷൻ കരാർ കൂടി നിലവിൽ വന്നതോടെ പദ്ധതിയുടെ നിർമാണം പുതിയ ഘട്ടത്തിലെത്തി.
ലോകോത്തര നിലവാരത്തിലുള്ള, സുരക്ഷിതവും യാത്രാസൗഹൃദവുമായ പൊതുഗതാഗത സംവിധാനം കൊച്ചിക്ക് ഒരുക്കുകയെന്ന കെഎംആർഎല്ലിന്റെ പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണ് ഈ കരാറെന്ന് അധികൃതർ അറിയിച്ചു. ഓരോ നിർണായക കരാറും യാഥാർഥ്യമാകുമ്പോഴും കൊച്ചി മെട്രോ രണ്ടാംഘട്ടം പൂർത്തീകരണത്തിലേക്ക് ഒരു ചുവടുകൂടി മുന്നേറുകയാണ്
Photo Courtesy - Google










