02:53am 05 June 2026
NEWS
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജൂൺ 6-നകം പൂർത്തിയാക്കും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രത്യേക നടപടികൾ
04/06/2026  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജൂൺ 6-നകം പൂർത്തിയാക്കും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രത്യേക നടപടികൾ

കൊച്ചി മെട്രോയുടെ രണ്ടാം പദ്ധതിയുടെ ഭാഗമായി ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി അടിയന്തര നടപടികൾ ശക്തമാക്കിയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി പുതിയ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ അടുത്തിടെ പൂർത്തിയായിരുന്നു. ഇതിനായി വിവിധ ഭാഗങ്ങളിൽ റോഡ് മുറിച്ചുകടന്ന് ട്രഞ്ചിംഗ് പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നിരുന്നു. ഇതിന്റെ തുടർച്ചയായി ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ള ഭാഗങ്ങളിൽ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനങ്ങൾ ജൂൺ 6-നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതായി കെ.എം.ആർ.എൽ അറിയിച്ചു.

പുനഃസ്ഥാപന പ്രവർത്തനങ്ങൾ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കുന്നതിനായി ട്രാഫിക് പൊലീസ് വകുപ്പിന്റെ സഹകരണത്തോടെ തിരക്ക് കുറഞ്ഞ സമയങ്ങളിൽ താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ, പാലാരിവട്ടം മേഖലയിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി ആർ.ടി.ഒയുടെയും ട്രാഫിക് പൊലീസിന്റെയും നേതൃത്വത്തിൽ പകൽസമയത്തും പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട്.

പ്രാദേശിക ജനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ജെ.എൽ.എൻ. സ്റ്റേഡിയത്തിന് പിറകുവശത്തുള്ള സർവീസ് റോഡിൽ നിന്ന് വസന്ത് നഗറിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. വസന്ത് നഗർ നിവാസികൾക്കായി യു-ടേൺ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ട്രാഫിക് പൊലീസുമായി ചേർന്ന് പുരോഗമിക്കുകയാണ്.

മഴക്കാലം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഭാഗങ്ങളിൽ പമ്പിംഗ് സംവിധാനങ്ങളും കെ.എം.ആർ.എൽ സജ്ജമാക്കിയിട്ടുണ്ട്. പൈലിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാരിക്കേഡുകൾ ഒരു മീറ്റർ വീതം പിന്നോട്ടുമാറ്റി വാഹനങ്ങൾക്ക് കൂടുതൽ റോഡ് വീതി ലഭ്യമാക്കും. ഇതിലൂടെ ഗതാഗതം കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷ.

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കുന്നതിനും കരാറുകാരായ അഫ്കോൺസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കെ.എം.ആർ.എൽ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രവൃത്തി കേന്ദ്രങ്ങളിലും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തി ആവശ്യമായ ഇടപെടലുകൾ നടത്തിവരികയാണ്.

കൊച്ചി നഗരത്തിന്റെ ഭാവി ഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും പൊതുജനങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന ഈ സുപ്രധാന പദ്ധതിയുടെ അവസാനഘട്ട പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ താത്കാലികമാണെന്നും പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതി ഉണ്ടാകുമെന്നും കെ.എം.ആർ.എൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img