03:22pm 21 June 2026
NEWS
കാർട്ടൂണിസ്റ്റുകളുടെ വരയും വർത്തമാനങ്ങളുമായി കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യത്യസ്ത അനുഭവമായി വരവേൽപ്പ്
19/06/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാർട്ടൂണിസ്റ്റുകളുടെ വരയും വർത്തമാനങ്ങളുമായി കൊച്ചി മെട്രോ യാത്രക്കാർക്ക് വ്യത്യസ്ത അനുഭവമായി വരവേൽപ്പ്
HIGHLIGHTS

കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയിലും വാട്ടർ മെട്രോയിലും സംഘടിപ്പിച്ച 'വരയും വർത്തമാനവും' പരിപാടിയിൽ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചുനൽകുന്ന പ്രമുഖ കാർട്ടൂണിസ്റ്റുകൾ.

കേരള മെട്രോ ഡേ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും ചേർന്ന് സംഘടിപ്പിച്ച 'വരയും വർത്തമാനവും' പരിപാടി യാത്രക്കാർക്ക് വേറിട്ട അനുഭവമായി. രാജ്യത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് അവരുടെ തത്സമയ കാരിക്കേച്ചറുകൾ വരച്ചുനൽകിയതോടെ മെട്രോയും വാട്ടർ മെട്രോയും ചിരിയും ചിന്തയും നിറഞ്ഞ സഞ്ചരിക്കുന്ന കലാഗാലറികളായി മാറി.പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവരാണ് പരിപാടിയുടെ ഭാഗമായി മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി സംവദിച്ചത്. യാത്രയ്ക്കിടെ തന്നെ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചുനൽകുകയും അവയ്ക്ക് സ്വന്തം കയ്യൊപ്പ് ചേർത്ത് സമ്മാനിക്കുകയും ചെയ്തു.രാവിലെ വാട്ടർ മെട്രോ സർവീസുകളിലും തുടർന്ന് കൊച്ചി മെട്രോ ട്രെയിനുകളിലുമായിരുന്നു കാർട്ടൂണിസ്റ്റുകളുടെ സാന്നിധ്യം. യാത്രക്കാർക്ക് മുന്നിൽവെച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ രൂപംകൊണ്ട കാരിക്കേച്ചറുകൾ വലിയ കൗതുകമാണ് സൃഷ്ടിച്ചത്. കുട്ടികളും യുവാക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി യാത്രക്കാർ പരിപാടിയുടെ ഭാഗമായി.
യാത്രയ്ക്കിടെ ഉണ്ടായ രസകരമായ സംഭാഷണങ്ങളും നിമിഷങ്ങളും കാർട്ടൂണുകളിലൂടെ രേഖപ്പെടുത്തുകയും പൊതുഗതാഗത യാത്രയെ കൂടുതൽ ആസ്വാദ്യകരവും ജനകീയവുമാക്കാനുള്ള സന്ദേശം പങ്കുവെക്കുകയും ചെയ്തു. സാധാരണ യാത്രയെ കലയും നർമ്മവും നിറഞ്ഞ അനുഭവമാക്കി മാറ്റിയ ഈ അപൂർവ കൂട്ടായ്മ യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.
പരിപാടിയുടെ ഭാഗമായി വരച്ച തെരഞ്ഞെടുത്ത ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. യാത്രയ്ക്കിടയിലെ ശ്രദ്ധേയമായ നിമിഷങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവെക്കും.
യാത്രക്കാരുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളെ കൂടുതൽ ജനകീയവും സാംസ്കാരിക അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img