01:41am 25 September 2026
NEWS
കൊച്ചി മെട്രോ ​ഔദ്യോഗിക ആശയവിനിമയങ്ങളിൽ കർശന നിയന്ത്രണം, ലംഘിച്ചാൽ കർശന അച്ചടക്ക നടപടി
23/09/2026  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി മെട്രോ ​ഔദ്യോഗിക ആശയവിനിമയങ്ങളിൽ കർശന നിയന്ത്രണം, ലംഘിച്ചാൽ കർശന അച്ചടക്ക നടപടി

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ജീവനക്കാർക്കും ഓഫീസുകൾക്കും ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മാനേജിംഗ് ഡയറക്ടർ ജി. പ്രിയങ്ക സർക്കുലർ ഇറക്കി. സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിച്ഛായ നിലനിർത്തുന്നതിനും തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്. 

​സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ ബോർഡ്, മിനിസ്ട്രി ഓഫ് ഹൗസിംഗ്  ആൻ്റ് അർബൻ അഫയേഴ്‌സ് (MoHUA) തുടങ്ങിയ ഉന്നത ഓഫീസുകളിലേക്കുള്ള അഡ്മിനിസ്ട്രേറ്റീവ് സ്വഭാവമുള്ള  എല്ലാത്തരം കത്തുകളും മാനേജിംഗ് ഡയറക്ടറുടെ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ അയക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു. കൂടാതെ സംസ്ഥാന സർക്കാർ, MoHUA, റെയിൽവേ ബോർഡ് ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര സർക്കാർ ഓഫീസുകൾ  എന്നിവടങ്ങളിലേക്ക് ധനകാര്യം,  പ്രോജക്റ്റുകൾ,  ഓപ്പറേഷൻസ് തുടങ്ങിയ  കാര്യങ്ങളിൽ   അയക്കുന്ന കത്തുകൾ  ബന്ധപ്പെട്ട ഡയറക്ടർമാരുടെ  അംഗീകാരത്തോടെ മാത്രമേ അയക്കാവൂ. 

കൂടാതെ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും നൽകുന്ന വാർത്തകൾ പി.ആർ.ഒ വഴി മാത്രമേ നൽകാവു. അല്ലാത്തപക്ഷം നൽകിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കും. പി.ആർ.ഒ വഴി നൽകാത്ത വാർത്തകൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രത്യക്ഷപ്പെടുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്.ഏതെങ്കിലും വിഷയം മാനേജിംഗ് ഡയറക്ടറെ രഹസ്യമായി അറിയിക്കേണ്ടതുണ്ടെങ്കിൽ, അതും ചെയ്യാം. അത് പൂർണ്ണമായും രഹസ്യമായി കൈകാര്യം ചെയ്യും.

പേരോ വിലാസമോ ഇല്ലാത്ത  പരാതികൾ പരിഗണിക്കില്ല. ഇത്തരം രീതികൾ അവലംബിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. ​കെ.എം.ആർ.എല്ലിന്റെ പേരിൽ വിലാസമില്ലാത്ത പരാതികൾ അയക്കുന്നത് കമ്പനിയുടെ പ്രതിച്ഛായയെയും സർക്കാർ തലത്തിലുള്ള ബന്ധങ്ങളെയും ബാധിക്കുമെന്നതിനാൽ അത്തരം നീക്കങ്ങൾക്കെതിരെ ജീവനക്കാർ ഒറ്റക്കെട്ടായി നിൽക്കണം. ഓഫീസിലെ പെരുമാറ്റച്ചട്ടങ്ങളും മാന്യമായ ആശയവിനിമയവും കൃത്യമായി പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img