05:12am 27 July 2026
NEWS
പാലാരിവട്ടം ഗതാഗതക്കുരുക്ക് അടിയന്തര നടപടികളുമായി കൊച്ചി മേയർ
10/06/2026  08:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പാലാരിവട്ടം ഗതാഗതക്കുരുക്ക് അടിയന്തര നടപടികളുമായി കൊച്ചി മേയർ

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടത്തെ ഗതാഗത കുരുക്ക് നാല് ദിവസത്തിനകം പരിഹരിക്കുമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ. നാല് ദിവസത്തിനകം റോഡ് നിർമാണം പൂർത്തിയാക്കി രണ്ടു വരി ഗതാഗതം പുനഃസ്‌ഥാപിക്കാമെന്ന് കെ എം ആർ എൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സ്‌ഥലം സന്ദർശിച്ച ശേഷം മേയർ മാധ്യമങ്ങളോട് പറഞ്ഞു. നാല് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോൾ വലിയ ഗതാഗത കുരുക്കാണ്  ഉണ്ടാക്കുന്നത്. ഇവിടെ റോഡ് പഴയ വീതിയിലാക്കി ടൈൽ വിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റോഡിനിരുവശവും പില്ലറുകൾ വരുന്നതിനാൽ ഒരു ലൈൻ പൂർണമായും ഗതാഗതം പുനഃസ്‌ഥാപിച്ചതിന് ശേഷം മാത്രമേ മറുവശത്ത് നിർമാണം  തുടങ്ങാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്.
പാലാരിവട്ടം ജങ്ഷനിൽ നിന്നുള്ള വെള്ളം ഒഴുകി പോകുന്ന കൽവർട്ട്  ബ്ലോക്ക് ആയിരുന്നു. ഈ തടസവും മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തൽക്കാലത്തേക്ക് പൈപ്പിടാൻ നിർദേശം നൽകിയിട്ടുണ്ട്. പക്ഷെ ഇവിടെ കൽവർട്ട് തന്നെ നിർമിക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ടുണ്ടെന്നും മേയർ പറഞ്ഞു. നിലവിലുള്ള യു ടേണിലൂടെ ഇരുചക്ര വാഹനങ്ങൾ കടത്തിവിടണമെന്നും തിരക്കില്ലാത്ത സമയങ്ങളിൽ  ഇത് വഴി വാഹനങ്ങൾ കടത്തി വിടണമെന്നും ട്രാഫിക് പോലീസിന്  നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കാൻ നഗരസഭ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മേയർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ടി. കെ. അഷ്‌റഫ്‌,  ആന്റണി പൈനുതറ,പി.എം നസീമ, നഗരസഭ സെക്രട്ടറി പി എസ് ഷിബു,നഗരസഭ ഉദ്യോഗസ്ഥർ, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.

തുടർന്ന്, വൈകിട്ട്  മേയറുടെ ചെമ്പറിൽ  കെ എം ആർ എൽ  ഉദ്യോഗസ്ഥരും ട്രാഫിക് പൊലീസും   കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി  മേയറുടെ  അധ്യക്ഷതയിൽ  യോഗം ചേർന്ന് ഗതാഗത കുരുക്കിന് എത്രയും വേഗം പരിഹാരം കാണാനുള്ള നടപടികൾ ചർച്ച ചെയ്തു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുന്നു എന്ന് നിരീക്ഷിക്കാൻ നഗരസഭ അസി.എൻജിനിയർ,ഓവർസീയർ എന്നിവരെ ചുമതലപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img