04:36am 21 October 2026
NEWS

വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയ കേസിൽ വാരാപ്പുഴ സ്വദേശി പിടിയിൽ

20/10/2026  06:52 AM IST
nila
 വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; രണ്ടരക്കോടി തട്ടിയ കേസിൽ വാരാപ്പുഴ സ്വദേശി പിടിയിൽ

രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസിൽ വരാപ്പുഴ സ്വദേശി അറസ്റ്റിൽ. ആനന്ദ് ബാബുവിനെയാണ് രാജസ്ഥാനിൽനിന്നെത്തിയ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് പിടികൂടിയത്.

പുൽവാമ കേസിലെ ഹവാല ഇടപാടുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. നിയമനടപടി നേരിടേണ്ടിവരുമെന്ന ഭീതി സൃഷ്ടിച്ചാണ് പ്രതികൾ ജഡ്ജിയിൽനിന്ന് വൻതുക തട്ടിയെടുത്തതെന്നാണ് വിവരം.

കേസന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാൻ പൊലീസ് കൊച്ചിയിലെത്തി സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാജസ്ഥാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ വരാപ്പുഴയിൽനിന്ന് പിടികൂടിയത്.

സംഭവത്തിൽ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് രാജസ്ഥാൻ പൊലീസ് നൽകുന്ന വിവരം. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img