02:57pm 17 June 2026
NEWS
കൊച്ചിയിൽ നിന്നും പറന്നുയർന്ന് ലക്ഷദ്വീപിലെ കടലിലിറങ്ങാം; ലക്ഷദ്വീപിലേക്കുള്ള യാത്ര ഇനി വേറെ ലെവലാണ്!
17/06/2026  09:26 AM IST
nila
കൊച്ചിയിൽ നിന്നും പറന്നുയർന്ന് ലക്ഷദ്വീപിലെ കടലിലിറങ്ങാം; ലക്ഷദ്വീപിലേക്കുള്ള യാത്ര ഇനി വേറെ ലെവലാണ്!

ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ ആവേശകരമാകാൻ പോകുന്നു. ഏതാനും ദിവസങ്ങൾക്കകം കൊച്ചിയിൽ നിന്ന് സീ പ്ലെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ്. രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിൻ സർവീസായ ഇത് വിനോദസഞ്ചാരികൾക്ക് ആകാശത്തെയും കടലിനെയും ബന്ധിപ്പിക്കുന്ന അപൂർവ യാത്രാനുഭവം സമ്മാനിക്കും.

സർവീസ് നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്പനിയായ സ്കൈ ഹോപ് അറിയിച്ചു. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയ വിമാനത്തിന്റെ ഉദ്ഘാടന തീയതി മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അടുത്തയാഴ്ച തന്നെ ആദ്യ യാത്രക്കാരുമായി സർവീസ് ആരംഭിക്കുമെന്നാണ് സൂചന.

സർവീസിനായി ഉപയോഗിക്കുന്നത് കാനഡയിൽ നിർമിച്ച ‘വൈക്കിങ് ഡിഎച്ച്സി–6–400 ട്വിൻ ഓട്ടർ’ വിമാനമാണ്. ഇരട്ട എൻജിനുകളുള്ള ഈ ആംഫിബിയൻ വിമാനത്തിന് കരയിലും വെള്ളത്തിലും ലാൻഡ് ചെയ്യാനും പറന്നുയരാനും കഴിയും. ചെറിയ റൺവേകളിലും പ്രവർത്തിക്കാൻ കഴിയുന്ന വിമാനത്തിൽ രണ്ട് പൈലറ്റുമാരും ഒരു ക്യാബിൻ ക്രൂവും ഉൾപ്പെടെ 20 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 337 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് കഴിയും.

കൊച്ചി–ലക്ഷദ്വീപ് യാത്രയുടെ ദൈർഘ്യം ഏകദേശം ഒരു മണിക്കൂറും 20 മിനിറ്റുമാണ്. അതിനാൽ വിമാനത്തിനുള്ളിൽ ശുചിമുറിയോ ഭക്ഷണസേവനമോ ഉണ്ടായിരിക്കില്ല. ആംഫിബിയൻ വിമാനങ്ങൾ പറപ്പിക്കാൻ ലൈസൻസുള്ള ഇന്ത്യയിലെ ഏക പൈലറ്റായ കോട്ടയം സ്വദേശി ക്യാപ്റ്റൻ അരുൺ ഗോപ്പാണ് സർവീസിലെ പൈലറ്റുമാരിൽ ഒരാൾ. ഫിജി സ്വദേശി മിന്റേഷ് പ്രസാദാണ് മറ്റൊരു പൈലറ്റ്.

ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്ന് കൽപേനി, കവരത്തി, അഗത്തി, കടമത്ത്, കിൽത്താൻ എന്നീ അഞ്ച് ദ്വീപുകളിലേക്കാണ് സർവീസ്. യാത്രാനിരക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായതിനാൽ 6,000 രൂപയിൽ താഴെ ചെലവിൽ യാത്ര സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്.

സീ പ്ലെയിൻ സർവീസിനായി ലക്ഷദ്വീപിലെ എല്ലാ പ്രധാന ദ്വീപുകളിലും വാട്ടർ റൺവേകളും പാസഞ്ചർ ടെർമിനലുകളും ഡോക്കിങ് ബേകളും സജ്ജമാക്കിയിട്ടുണ്ട്. സമുദ്രജീവികളുടെ സാന്നിധ്യം, പവിഴപ്പുറ്റുകൾ, കാറ്റിന്റെ ദിശ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ലാൻഡിങ് മേഖലകൾ നിശ്ചയിച്ചിരിക്കുന്നത്.

വിമാനത്തിന്റെ പ്രത്യേകതകളിൽ പ്രധാനമാണ് വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന ഫ്ലോട്ടുകൾ. ജലത്തിൽ ലാൻഡിങ്ങിനും ടേക്ക് ഓഫിനും സഹായിക്കുന്ന ഈ ഫ്ലോട്ടുകൾ അമേരിക്കൻ കമ്പനിയായ വിപ് എയറാണ് നിർമിച്ചത്. ഫ്ലോട്ടുകൾ ഘടിപ്പിച്ച ശേഷം നടത്തിയ ആദ്യ പരീക്ഷണ ലാൻഡിങ് ഗംഗാ നദിയിലായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഫ്ലോട്ടുകൾ ഘടിപ്പിച്ച ഒരു വിമാനം പ്രവർത്തനസജ്ജമാകുന്നത്.

അതേസമയം, ലക്ഷദ്വീപിലെ കാലാവസ്ഥയാണ് സർവീസിന് പ്രധാന വെല്ലുവിളി. ശക്തമായ കാറ്റും പെട്ടെന്നുള്ള മഴയും കടലിലെ അവസ്ഥകളും സർവീസിനെ ബാധിക്കാമെങ്കിലും പൈലറ്റുമാർ ‘വിഷ്വൽ ഫ്ലൈറ്റ് റൂൾസ്’ പ്രകാരമുള്ള നിരീക്ഷണങ്ങളോടെയാകും വിമാനമോടിക്കുക. ഭാവിയിൽ ഓരോ ദ്വീപിന്റെയും ഇരുവശങ്ങളിലും വാട്ടർഡ്രോമുകൾ സജ്ജമാക്കുന്നതോടെ കാലാവസ്ഥാ പ്രശ്നങ്ങൾ കുറയുമെന്നാണ് വിലയിരുത്തൽ.

സുരക്ഷാ കാരണങ്ങളാൽ രാത്രി സർവീസ് ഉണ്ടാകില്ല. രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം വിവിധ ദ്വീപുകളിലെത്തി സന്ധ്യയ്ക്കുമുമ്പ് തിരിച്ചെത്തുന്ന രീതിയിലായിരിക്കും സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കടലിൽ നിന്ന് രാത്രി ടേക്ക് ഓഫിനും ലാൻഡിങ്ങിനും അനുമതിയില്ലാത്തതിനാലാണ് ഈ നിയന്ത്രണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img