കൊച്ചി: കൊച്ചിയുടെ സമഗ്ര ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമാക്കി ഗ്രീൻ ബോണ്ട് ഇറക്കാൻ ലക്ഷ്യമിടുന്നതായി ബജറ്റ് പ്രഖ്യാപനം. വാസയോഗ്യമായ നഗരങ്ങൾക്കായി ഒരുക്കുന്ന പരിസ്ഥിതി കാലാവസ്ഥാ ജൈവ വൈവിധ്യ സൗഹാർദമായ വികസന നയങ്ങൾക്കായി സാങ്കേതികതയും ഹരിത മാർഗങ്ങളും ജലവിഭവ മാനേജ്മെന്റും ഒന്നിക്കുന്ന വികസനമാണ് ഗ്രീൻ - ബ്ലൂ - ഗ്രേ അടിസ്ഥാന സൗകര്യ വികസനം. കായലുകളുടേയും കനാലുകളുടെയും നഗരമായ കൊച്ചിയുടെ പരിസ്ഥിതിക്ക് ഏറ്റവും അനുയോജ്യമായ വികസന നയമാണിത്. പ്രകൃത്യാധിഷ്ഠിതമായ പരിഹാര മാർഗങ്ങളിൽ ഊന്നിയുള്ള കൊച്ചിയിലെ കനാലുകളുടെ ആധുനികവത്കരണവും പുതിയ നീല ഹരിതയിടങ്ങളുടെ നിർമാണവും നിലവിലുള്ളവയുടെ പുനര്ജീവനവും സമഗ്ര വികസനവും കൊച്ചിയിലെ പൊതു ഇടങ്ങളെ കോർത്തിണക്കിയുള്ള ഹരിത ഇടനാഴി ഒരുക്കൽ, പരിസ്ഥിതി സൗഹൃദ ഗതാഗത ചരക്കുനീക്ക ഗതാഗത സൗകര്യ വികസനം എന്നീ വിഭാഗങ്ങളിലായി ഗ്രീൻബോണ്ട് സമാഹരണത്തിൽ ഉൾപ്പെടുത്തേണ്ട പദ്ധതികൾ തയാറാക്കും. ആർ ബി ഐയുടെയും സെബിയുടെയും മാർഗ നിർദേശങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ 2026 - 27 ബജറ്റ് നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രീൻ ബോണ്ട് തയാറാക്കും.








