
കൊച്ചിയിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇടപ്പള്ളി പോണേക്കരയിൽ വെള്ളിയാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം.അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടികൾ തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിഠായികൾ നീട്ടുകയായിരുന്നു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തി. കൈയിൽ പിടിച്ച് വലിച്ചതോടെ കുട്ടികൾ നിലവിളിക്കുകയും കുതറിയോടുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങിയത്. സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ച് വരുകയാണ്.










