01:26am 13 November 2026
NEWS
ഭർത്താവിന്റെ അരികിലേക്ക് പോകുന്നു; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
21/03/2026  08:40 PM IST
nila
ഭർത്താവിന്റെ അരികിലേക്ക് പോകുന്നു; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ വൈ.ശ്രീകുമാരി (59), മകൾ അശ്വതി എസ്.നായർ (37), മക്കളായ കാർണിവൻ (14), കീർത്തിവൻ (5), അക്ഷിത (2) എന്നിവരാണ് മരിച്ചത്. പ്രാഥമിക നിഗമനമനുസരിച്ച് കുട്ടികൾക്ക് വിഷം നൽകി കൊല്ലപ്പെടുത്തിയ ശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് കരുതുന്നത്.

സംഭവസ്ഥലത്ത് കണ്ട കാഴ്ചകൾ അതീവ ദാരുണമായിരുന്നു. വീട്ടിലെ വ്യത്യസ്ത മുറികളിലായിരുന്നു മൃതദേഹങ്ങൾ. കുട്ടികളെ കിടക്കയിൽ വൃത്തിയായ വസ്ത്രങ്ങളണിയിച്ച നിലയിലും ഒരാളെ ഷാൾ വിരിച്ച് നിലത്തും കണ്ടെത്തിയപ്പോൾ, അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ തൂങ്ങിയ നിലയിലായിരുന്നു.

ഫെബ്രുവരിയിലാണ് അശ്വതി അമ്മയെയും മക്കളെയും കൂട്ടി വടുതല ഗ്രീൻ ഗാർഡനിലെ ഈ വീട് വാടകയ്ക്ക് എടുത്തത്. വീടുടമ വിദേശത്തായതിനാൽ ഏറെ നാളായി അടച്ചിട്ടിരുന്ന ഈ വീട്, പരിചയത്തിലൂടെയാണ് ഇവർക്കു നൽകിയതെന്ന് അറിയുന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സയ്ക്കായി താൽക്കാലികമായി താമസിക്കാനാണെന്ന് പറഞ്ഞായിരുന്നു വീട് എടുത്തത്. രണ്ട് മാസത്തേക്കുള്ള കരാറായിരുന്നു, മാർച്ച് 20ന് ഒഴിയാനായിരുന്നു തീരുമാനം.

വ്യാഴാഴ്ച വീട്ടുടമയുടെ ബന്ധു ഇവരെ കണ്ടിരുന്നു. അടുത്ത ദിവസം ഒഴിയുമെന്ന് പറഞ്ഞതായും വിവരം. എന്നാൽ ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോൾ വാതിൽ തുറക്കാത്തതും അകത്ത് പ്രതികരണം ഇല്ലാത്തതും ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വീടുതുറന്ന് പരിശോധിക്കുമ്പോഴാണ് ദുരന്തം പുറത്തറിയുന്നത്.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ അശ്വതി എഴുതിയതാണെന്ന് കരുതുന്ന ഒരു കുറിപ്പും കണ്ടെത്തി. ഭർത്താവിന്റെ അരികിലേക്ക് തങ്ങളും പോകുന്നു എന്ന രീതിയിലാണ് കത്തിൽ പറയുന്നത്.ഭർത്താവിന്റെ മരണത്തെ തുടർന്ന് ഉണ്ടായ മാനസിക വിഷമവും കുടുംബപ്രശ്നങ്ങളും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കരൾരോഗബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് കുറച്ച് നാൾ മുൻപ് ജീവനൊടുക്കിയിരുന്നു.

രണ്ടുമാസമായി ഇവിടെ താമസിച്ചിരുന്നെങ്കിലും അയൽവാസികളുമായി ഇവർക്ക് അധിക ബന്ധമുണ്ടായിരുന്നില്ല. കുട്ടികളും പുറത്തു കളിക്കാൻ പോകാറില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച രാത്രിയിലോ വെള്ളിയാഴ്ച്ചയോ ആകാം സംഭവം നടന്നതാകാമെന്ന് പൊലീസ് നി​ഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img