
കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവതിയടക്കമുള്ള നാലംഗ ലഹരി സംഘത്തിന് അന്താരാഷ്ട്ര ലഹരിമാഫിയയുമായും ബന്ധമെന്ന് സൂചന. ഇതോടെ അന്വേഷണത്തിന് എൻസിബിയും എത്തും. കോഴിക്കോട് സ്വദേശികളായ എസ്.കെ. ദിയ, അബു ഷാമിൽ, മലപ്പുറം സ്വദേശികളായ ഷാമിൽ, ഫിജാസ് മുഹമ്മദ് എന്നിവരാണ് എളംകുളത്തെ ഫ്ലാറ്റിൽ നിന്ന് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്നും പിടിച്ചെടുത്ത എക്സ്റ്റസി പില്ലുകളാണ് സംഘത്തിന്റെ അന്താരാഷ്ട്ര ലഹരി മാഫിയയുമായുള്ള ബന്ധത്തിലേക്ക് സൂചന നൽകുന്നത്.
എളംകുളം മെട്രോസ്റ്റേഷന് സമീപത്തെ ഈസ് ലാൻഡ് എൻക്ലേവിലെ 201 നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു ലഹരി സംഘത്തിൻറെ പ്രവർത്തനം. ജർമൻ വാഹന കമ്പനികളുടെ പേരുള്ള പില്ലുകളാണ് ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തത്. ഗുളികയുടെ മുകളിൽ അന്താരാഷ്ട്ര ലഹരി മാഫിയ സംഘങ്ങളുടെ അടയാളങ്ങളുമുണ്ട്. അഞ്ച് നിറത്തിലുള്ള 80 ഗുളികകളാണ് നാൽവർ സംഘത്തിന്റെ ഫ്ലാറ്റിൽനിന്ന് പിടികൂടിയത്. എംഡിഎംഎയുടെ വീര്യത്തിനനുസരിച്ചാണ് എക്സ്റ്റസി പിൽസിന് നിറം നൽകുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, തങ്ങൾ ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രതികളുടെ മൊഴി. കോഴിക്കോട് സ്വദേശി അബു ഷഹാമിലാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. എട്ട് മാസം മുൻപാണ് ദിയയും അബു ഷാമിലും ഫ്ലാറ്റ് വാടകയ്ക്കെടുത്തത്. മലപ്പുറം സ്വദേശികളായ ഷാമിലും ഫിജാസും രണ്ടാഴ്ച മുൻപാണ് ദിയയുടെ ഫ്ലാറ്റിലേക്ക് താമസംമാറിയത്. എംബിഎം,ബിടെക്, വിദ്യാഭ്യാസമുള്ള പ്രതികൾ കൊച്ചിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണ്.
രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രിയിൽ ഡാൻസാഫ് സംഘം മെട്രോ സ്റ്റേഷന് സമീപത്ത് പരിശോധനയ്ക്കെത്തിയത്. ഈസ് ലാൻഡ് എൻക്ലേവിന് മുന്നിൽ സംശയകരമായി കണ്ട മലപ്പുറം സ്വദേശികളായ ഷാമിൽ, ഫിജാസ് മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തു. ലഹരിഉപയോഗിച്ചിരുന്ന ഇരുവരും ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറി. ഇതോടെയാണ് യുവാക്കളുടെ താമസസ്ഥലം പരിശോധിക്കാൻ തീരുമാനിക്കുന്നത്. യുവാക്കളുമായെത്തിയ പൊലീസ് 201ാം നമ്പർ ഫ്ലാറ്റിൽ തട്ടിയതോടെ ദിയയും, അബുവും വാതിൽ തുറന്നെങ്കിലും പൊലീസാണെന്നറിഞ്ഞതോടെ വാതിലടയ്ക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് നർകോട്ടിക്സ് എസിപി അബ്ദുൽസലാമും സംഘവും ഫ്ലാറ്റിൽ പ്രവേശിച്ചത്. ഇതോടെ മേശപ്പുറത്തിരുന്ന ലഹരിമരുന്നുകൾ ശുചിമുറിയിലേക്കെറിഞ്ഞ് നശിപ്പിക്കാൻ ദിയയുടെ ശ്രമം. ഉടൻ തന്നെ ഡാൻസാഫ് സംഘം ലഹരിമരുന്ന് കൈക്കലാക്കി. 115 ഗ്രാം എംഡിഎംഎ, വിദേശത്തു നിന്നെത്തിച്ച പലനിറത്തിലുള്ള എക്സറ്റസി പില്ലുകൾ, രണ്ട് ഗ്രാം കഞ്ചാവുമാണ് ഉണ്ടായിരുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷർ, രാസലഹരി ഉപയോഗിക്കാനുള്ള ഒന്നിലേറെ ഉപകരണങ്ങളും മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ലഹരിമരുന്ന് ഇടപാടുകാർക്ക് കൈമാറാൻ ചെറിയ കവറുകളിലേക്ക് പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. ലഹരിവിൽപനയിലൂടെ ലഭിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. ഇവരിൽ നിന്ന് പിടികൂടി എക്സ്റ്റസി പിൽസിന് ലക്ഷങ്ങളാണ് വില. ഡാൻസാഫിൻറെ സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് എളംകുളത്തേത്.











