
കൊച്ചി: അമ്മയെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തെ തുടർന്ന് പതിനേഴുകാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചതായി പരാതി. എളമക്കരയിൽ നടന്ന സംഭവത്തിൽ നാൽപതുകാരിയായ സ്ത്രീയെയും ഇവരുടെ മകനുൾപ്പെടെ നാലു പ്രായപൂർത്തിയാകാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് പ്ലസ് ടു വിദ്യാർഥിയായ പതിനേഴുകാരനെ എളമക്കരയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് സ്ത്രീയും ഇവരുടെ പതിനേഴുകാരനായ മകനും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിയെ മർദിക്കുകയായിരുന്നു. മർദനത്തിന് സ്ത്രീയാണ് പ്രേരണ നൽകിയതെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
മർദനത്തിൽ വിദ്യാർഥിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ കേസെടുത്ത എളമക്കര പൊലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.










