02:44pm 09 November 2026
NEWS
കേസ് ഒഴിവാക്കാൻ കൈക്കൂലി: ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു
17/05/2025  06:28 PM IST
nila
കേസ് ഒഴിവാക്കാൻ കൈക്കൂലി: ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി . ഇ.ഡിയുടെ കൊച്ചി ഓഫിസിലെ അസിസ്റ്റൻഡ് ഡയറക്ടർ. മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇ.ഡ‍ി അസിസ്റ്റൻഡ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇഡി ഉദ്യോ​ഗസ്ഥനെ ഇനിയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടില്ല. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയിലാണ് ഇൻഫോഴ്സമെന്റ് ഡയറക്ടേററ്റ് ഉദ്യോ​ഗസ്ഥനും കൂട്ടാളികളും കുടുങ്ങിയത്. 

സംഭവത്തിൽ  എറണാകുളം തമ്മനം സ്വദേശി വിൽസൻ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവരെ വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കൊച്ചി സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനു ശേഷമാണ് ശേഖർ കുമാറിനെ കേസിലെ ഒന്നാം പ്രതിയാക്കിയത്. 

ശേഖർ കുമാർ എങ്ങനെയാണു പരാതിക്കാരനോടു പെരുമാറിയത് എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ: 

2024ൽ ലഭിച്ച സമൻസ് അനുസരിച്ച് ഇ.ഡി ഓഫിസിൽ ഹാജരായ വ്യവസായിയോടു വളരെ വർഷങ്ങൾക്കു മുൻപ് നടത്തിയ ബിസിനസിന്റെ രേഖകളും മറ്റും ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ആവശ്യപ്പെട്ടു. അത് ഇല്ലാത്ത പക്ഷം കേസെടുത്ത് എല്ലാവരെയും ജയിലിലയയ്ക്കുമെന്നു പറഞ്ഞു മോശമായി പെരുമാറി. തുടർന്ന് രണ്ടാം പ്രതിയായ വിൽസൻ വ്യവസായിയെ വിളിച്ചു നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും രണ്ടു കോടി രൂപ, ഒന്നാം പ്രതിയായ അസി. ഡയറക്ടർക്കു നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്നും ഇതിൽ രണ്ടു ലക്ഷം രൂപ മേയ് 5നു നേരിട്ടു നൽകണമെന്നും പറഞ്ഞു.

വ്യവസായിയുടെ സ്ഥാപനത്തിനു വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകൾ ഉപയോഗിച്ചു കണക്കുകളിൽ കൃത്രിമം നടത്തിയെന്നും പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു സമൻസിൽ പറഞ്ഞിരുന്നത്. തുടർന്ന് ഹാജരായപ്പോഴായിരുന്നു അസി. ഡയറക്ടർ മുൻ ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടത്. പിന്നാലെ ഇ.ഡി ഓഫിസിലെ ഏജന്റാണെന്നു പറഞ്ഞ് വിൽസൻ വ്യവസായിയെ വിളിക്കുകയായിരുന്നു. ഇ.ഡി ഓഫിസുമായുള്ള ബന്ധം തെളിയിക്കുന്നതിന് പരാതിക്കാരന് വീണ്ടും സമൻസ് അയപ്പിക്കാമെന്നും ഇയാൾ വ്യക്തമാക്കുകയും തുടർന്ന് മേയ് 14നു വ്യവസായിക്ക് സമൻസ് ലഭിക്കുകയും ചെയ്തു. 

വ്യവസായി വിജിലൻസിനെ നേരത്തെ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട രണ്ടു കോടി രൂപയിൽ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വ്യവസായി വിൽസന് കൈമാറുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുകേഷ് കുമാറിന്റെ പങ്ക് വെളിപ്പെട്ടത്. ഇയാൾ പറഞ്ഞിട്ടാണ് രണ്ടു ലക്ഷം രൂപ വാങ്ങിയത് എന്നും 50,000 രൂപ സ്വകാര്യ ബാങ്കിന്റെ മുംബൈ താനെ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാൻ വ്യവസായിയോടു പറഞ്ഞ കാര്യവും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുകേഷ് കുമാറിന് അനധികൃത ഇടപാടുകൾ ഉള്ളതായും ഇ.ഡി ഓഫിസിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് മറ്റ് അനധികൃത ഇടപാടുകൾ പ്രഥമദൃഷ്ട്യാ വ്യക്തമായതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 

ഏറ്റവുമൊടുവിൽ അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്താണു വ്യവസായിയുടെ പേരുവിവരങ്ങൾ വിൽസനു നൽകിയത് എന്നതിനു തെളിവു കിട്ടിയിട്ടുണ്ടെന്ന് എസ്.ശശിധരൻ വ്യക്തമാക്കി. ഇ.ഡി സമൻസ് അയയ്ക്കുന്നവരുടെ വിവരങ്ങൾ കരസ്ഥമാക്കി കൈക്കൂലിയുടെ മറവിൽ കേസുകൾ ഒത്തുതീർപ്പാക്കുന്ന ഇടപാടുകളാണു നടക്കുന്നത് എന്നാണ് വിജിലൻസ് സംശയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img