
കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോ. ജോൺസൺ കെ. വർഗീസ് വിദേശത്തേക്ക് കടന്നതായി സംശയം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയ പൊലീസ് ശനിയാഴ്ച തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.
നടി അതുല്യ ചന്ദ്ര ഉൾപ്പെടെ പ്രതികളായ ബ്ലാക്ക്‌മെയിലിങ് കേസിലെ പരാതിക്കാരനാണ് ഡോക്ടർ. എന്നാൽ, നടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കഴിഞ്ഞദിവസം ഇയാൾക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തത്. ഡോക്ടറുടെ ഫോണിൽനിന്ന് 12 യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, ബ്ലാക്ക്‌മെയിലിങ് കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ ഇന്ന് കടവന്ത്ര പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പീഡനത്തിനിരയായ യുവതിയുടെ മൊഴിയും കടവന്ത്ര പൊലീസ് രേഖപ്പെടുത്തും. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന ഫോൺ കവർന്നെടുത്ത് പൊലീസിന് കൈമാറിയത് ഇവരാണെന്നാണ് വിവരം. ഫോൺ എങ്ങനെ ഇവരുടെ കൈവശമെത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മൊഴിയെടുക്കുന്നത്. ഈ ഫോൺ ഉൾപ്പെടെ ഹാജരാക്കിയാണ് യുവതി ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകിയത്.










