09:49pm 05 November 2026
NEWS
യുവഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചു; നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
05/11/2026  06:40 PM IST
nila
യുവഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചു; നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: യുവഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും മൊബൈൽ ഫോണുകൾ കവർന്നെടുക്കുകയും ചെയ്തെന്ന കേസിൽ സിനിമാതാരങ്ങളായ നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കേസിൽ ആകെ 12 പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.

നവംബർ രണ്ടിന് കൊച്ചി പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതുല്യ ചന്ദ്രയുടെ അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. വൈകിട്ട് ആറരയോടെ എത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് 12 അംഗ സംഘം മർദിച്ചെന്നാണ് പരാതി.

സംഭവത്തിൽ ബിബിൻ പെരുമ്പള്ളിയാണ് ഒന്നാംപ്രതി. അതുല്യ ചന്ദ്ര മൂന്നാംപ്രതിയാണ്. തിരിച്ചറിയാത്ത പത്തുപേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതുല്യ ചന്ദ്രയുമായി നേരത്തെ പരിചയമുണ്ടായിരുന്നതിനാലാണ് അപ്പാർട്ട്മെന്റിലേക്ക് പോയതെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ സംഘം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

രോഗിക്ക് ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് തന്നെ മർദിച്ചതെന്നും ഡോക്ടർ കടവന്ത്ര പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img