01:00am 20 November 2026
NEWS
ഡോക്ടറെ ഫ്ലാറ്റിലെത്തിച്ച് മർദിച്ച കേസ്; നടി അതുല്യ ചന്ദ്രയ്ക്കും നടൻ ബിബിൻ പെരുമ്പിള്ളിക്കും ജാമ്യം
19/11/2026  08:10 PM IST
nila
ഡോക്ടറെ ഫ്ലാറ്റിലെത്തിച്ച് മർദിച്ച കേസ്; നടി അതുല്യ ചന്ദ്രയ്ക്കും നടൻ ബിബിൻ പെരുമ്പിള്ളിക്കും ജാമ്യം

കൊച്ചി: ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി തടഞ്ഞുവച്ച് മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ നടൻ ബിബിൻ പെരുമ്പിള്ളി, നടി അതുല്യ ചന്ദ്ര, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവർക്ക് ജാമ്യം. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇവർ തന്നെ വിളിച്ചുവരുത്തി മർദിച്ചെന്ന പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസ് ബലാത്സംഗക്കേസിൽ ഒളിവിലാണ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും.

ഈ മാസം രണ്ടിന് വൈകിട്ട് 6.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം തടഞ്ഞുവച്ച് മർദിക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ കൈക്കലാക്കുകയും ചെയ്തെന്നാണ് പൊലീസ് കേസ്. തുടർന്ന് മൂന്ന് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഒടുവിൽ ഒരു കോടി രൂപ നൽകാമെന്ന് ഡോക്ടർ സമ്മതിച്ചതോടെ മൂന്ന് ദിവസത്തിനകം 25 ലക്ഷം രൂപ നൽകണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചെന്നുമാണ് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ഡോ. ജോൺസൺ കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ, ഡോക്ടർ രണ്ടാം പ്രതിയുടെ ബന്ധുവിനെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത സംഭവത്തിൽ നിയമനടപടി ഒഴിവാക്കാനും ഫോണുകൾ തിരിച്ചുപിടിക്കാനുമാണ് വ്യാജ പരാതി നൽകിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുടുംബ ഡോക്ടർ കൂടിയായ ജോൺസൺ ബന്ധുവിനെ പീഡിപ്പിച്ച വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കുറ്റം സമ്മതിച്ച ഡോക്ടർ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് പറഞ്ഞ് ഫോണുകൾ കൈമാറിയതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

അതുല്യയുടെ ബന്ധു ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഡോക്ടറുടെ ഫോണിൽ രോഗികളുടേതടക്കം നിരവധി നഗ്നദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫോണുകൾ ഉടൻ തിരികെ ലഭിച്ചില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പുറത്താകുമെന്ന ആശങ്കയിലാണ് ഡോക്ടർ പരാതി നൽകിയതെന്നും അതുല്യയുടെ അഭിഭാഷകൻ വാദിച്ചു.

തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. എന്നാൽ, ആരോപണങ്ങളുടെ ഗൗരവം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നവംബർ അഞ്ചുമുതൽ 15 ദിവസമായി പ്രതികൾ കസ്റ്റഡിയിലാണെന്നും ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.

ഡോക്ടറുടെ ഫോൺ രണ്ടാം പ്രതിയുടെ ബന്ധു മറ്റൊരു പൊലീസ് സ്റ്റേഷനിൽ കൈമാറിയെന്ന കാര്യത്തിൽ തർക്കമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫോണുകൾ സ്വമേധയാ കൈമാറിയതാണോ അതോ തട്ടിയെടുത്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ വിചാരണ സമയത്തെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img