02:13pm 18 November 2026
NEWS
കൊച്ചിയിൽ സൈബർ തട്ടിപ്പ് വ്യാപകം; ഡോക്ടർക്ക് നഷ്ടമായത് 1.57 കോടി രൂപ; വ്യാജ ചെലാൻ ലിങ്കിലും കെണി
18/11/2026  10:35 AM IST
nila
കൊച്ചിയിൽ സൈബർ തട്ടിപ്പ് വ്യാപകം; ഡോക്ടർക്ക് നഷ്ടമായത് 1.57 കോടി രൂപ; വ്യാജ ചെലാൻ ലിങ്കിലും കെണി

 

കൊച്ചിയിൽ സൈബർ തട്ടിപ്പുകൾ തുടർക്കഥയാകുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിൽ പണം നിക്ഷേപിച്ച ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടമായി. ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞ് മുളവുകാട് സ്വദേശിനിയിൽനിന്ന് 89,904 രൂപയും തട്ടിയെടുത്തു. ഇതിനുപുറമെ വാട്‌സാപ്പിലൂടെ വ്യാജ ഇ-ചെലാൻ സന്ദേശങ്ങൾ അയച്ച് പണം കവരുന്ന സംഘങ്ങളും സജീവമാണ്.

കളമശ്ശേരി സ്വദേശിയായ 47-കാരനായ ഡോക്ടറാണ് ഡേറ്റിങ് ആപ്പ് വഴിയുള്ള തട്ടിപ്പിനിരയായത്. പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 33-കാരിയായ 'ഗൗതമി നായർ' എന്ന യുവതിയുമായി ആപ്പിലൂടെ ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക ട്രേഡിങ് പ്ലാറ്റ്‌ഫോമാണെന്ന് വിശ്വസിപ്പിച്ച് യുവതി ഡോക്ടറെ ഒരു വ്യാജ ആപ്പിലേക്ക് എത്തിക്കുകയായിരുന്നു.

2025 ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പലതവണകളായി ഡോക്ടറുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറി. ഏകദേശം മൂന്നുമാസത്തിനിടെ 1.57 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചത്. നിക്ഷേപിച്ച തുകയും അതിന്റെ ലാഭവും ഡോളർ കണക്കിൽ വ്യാജ ആപ്പിൽ പ്രദർശിപ്പിച്ചാണ് തട്ടിപ്പുകാർ വിശ്വാസം നേടിയെടുത്തത്.

എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നിക്ഷേപത്തുകയോ ലാഭവിഹിതമോ ലഭിച്ചില്ല. തുടർന്നാണ് ഡോക്ടർ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ഡേറ്റിങ് ആപ്പിലൂടെയുള്ള ആശയവിനിമയത്തിന്റെ രേഖകളും പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്.

ഇതിനിടെ ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിലൂടെ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലും റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 9 മുതൽ നവംബർ 26 വരെയാണ് തട്ടിപ്പ് നടന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല ഘട്ടങ്ങളിലായി പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപത്തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതായതോടെയാണ് പരാതിക്കാരൻ കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ പേരിലും തട്ടിപ്പ്

മുളവുകാട് സ്വദേശിനിയായ 36-കാരിയിൽനിന്ന് 89,904 രൂപ തട്ടിയെടുത്തത് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യാമെന്ന് പറഞ്ഞാണ്. പുതുതലമുറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് സജീവമാക്കാൻ സഹായിക്കാമെന്ന് അറിയിച്ച തട്ടിപ്പുകാർ, നിലവിലുള്ള മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ആക്ടിവേഷൻ നടത്താമെന്ന് യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഒ.ടി.പി. കൈക്കലാക്കി പണം തട്ടുകയായിരുന്നു. സംഭവത്തിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്.

വാട്‌സാപ്പ് ഇ-ചെലാൻ സന്ദേശങ്ങളിലും വൻ തട്ടിപ്പ്

സൈബർ തട്ടിപ്പുകാർ ഇപ്പോൾ വാഹന ഉടമകളെയും ലക്ഷ്യമിടുകയാണ്. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ വാട്‌സാപ്പിൽ ലഭിക്കുന്ന വ്യാജ ഇ-ചെലാൻ ലിങ്കുകൾ വഴി പണം നഷ്ടപ്പെട്ടവരുടെ പരാതികൾ വർധിക്കുകയാണ്. ഔദ്യോഗിക സംവിധാനത്തിൽനിന്നുള്ള അറിയിപ്പാണെന്ന് തെറ്റിദ്ധരിച്ച് പിഴയടയ്ക്കാൻ ശ്രമിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.

വാഹനത്തിന്റെ വിവരങ്ങൾ, നിയമലംഘനം, പിഴത്തുക തുടങ്ങിയവ കൃത്യമായി ഉൾപ്പെടുത്തിയ സന്ദേശങ്ങളാണ് തട്ടിപ്പുകാർ അയയ്ക്കുന്നത്. ഇതോടെ സന്ദേശത്തിന്റെ വിശ്വാസ്യതയിൽ സംശയം തോന്നാതെ ലിങ്കിൽ പ്രവേശിച്ച് പണം കൈമാറുന്നവർ കുടുങ്ങുന്നു. ചില ലിങ്കുകൾ വഴി ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ചോർത്തി അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതായും പരാതികളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയിൽ മാത്രം പത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.

ഗൂഗിളിൽ 'പരിവാഹൻ ഇ-ചലാൻ' എന്ന് തിരയുമ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ പേരുകളിൽ സ്വകാര്യ വെബ്‌സൈറ്റുകളും സ്പോൺസേഡ് ലിങ്കുകളും പ്രത്യക്ഷപ്പെടുന്നതും ആശയക്കുഴപ്പത്തിന് കാരണമാകുന്നു. ഇത്തരം സൈറ്റുകളിലൂടെ പിഴയടയ്ക്കുന്നവരിൽനിന്ന് യഥാർഥ പിഴയായ 500 രൂപയ്ക്ക് പകരം 1,000 മുതൽ 2,000 രൂപ വരെ സർവീസ് ചാർജ് എന്ന പേരിൽ ഈടാക്കുന്നുണ്ട്. പണം നൽകിയിട്ടും സർക്കാർ പോർട്ടലിൽ പിഴ അടച്ചതായി രേഖപ്പെടുത്താത്തതിനാൽ വാഹന ഉടമകൾ വീണ്ടും പ്രതിസന്ധിയിലാകുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തട്ടിപ്പുകാരുടെ ലക്ഷ്യം

വാഹന ഉടമകൾ മാത്രമല്ല, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വ്യാജ ചെലാൻ സന്ദേശങ്ങളുടെ കെണിയിലാകുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ വ്യക്തിഗത മൊബൈൽ ഫോണുകളിലേക്കും പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തുന്നുണ്ട്.

പിഴ അടച്ചിട്ടും ഔദ്യോഗിക പോർട്ടലിൽ കുടിശ്ശിക കാണിക്കുന്നതിനെക്കുറിച്ച് വിശദീകരണം തേടി ആർ.ടി.ഒ. ഓഫീസുകളിൽ എത്തുന്നവരുടെ എണ്ണം കൂടിയതോടെ ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്. ഇത്തരം പരാതികൾ സൈബർ പോലീസിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്. തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണർക്ക് കത്ത് നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img