
കൊച്ചി: കേരളത്തിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതിര ഗ്രൂപ്പിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്. വീട്ടമ്മമാരും ദിവസവേതനക്കാരും ഉൾപ്പെടെയുള്ളവരാണ് സ്ഥാപനം തങ്ങളുടെ നിക്ഷേപം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. 115 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തിരുന്നു. ഇതിനും പിന്നാലെ സ്വർണ്ണം പണയം വെച്ചവരും ചിട്ടി ചേർന്നവരും നിക്ഷേപം തിരികെ ലഭിക്കാൻ ഓഫിസിലും ഉടമയുടെ ഓഫിസിലും എത്തി. എന്നാൽ പണം തിരികെ കിട്ടാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരായി. കല്ല്യാണ ആവശ്യത്തിനായി 40 പവൻ സ്വർണം കിട്ടാനുള്ളവർ ഉൾപ്പെടെ ഇപ്പോൾ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ടമോടുകയാണ്. 115 കോടിയുടെ തട്ടിപ്പാണ് നടന്നതും 70 കോടിയുടെ ആസ്തി മാത്രമാണ് ആതിര ഗ്രൂപ്പ് ഉടമകൾക്കുള്ളതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിക്കുകയാണ്. ആതിര ഗ്രൂപ്പിന്റെ മറൈൻ ഡ്രൈവിലെ ഓഫിസിലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് ആശ്വസിപ്പിച്ചും അനുനയിപ്പിച്ചും മടക്കിയയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നിക്ഷേപകർ.











