
2011 ൽ വല്ലാർപാടത്ത് വലിയ പ്രതീക്ഷകളോടെ സ്ഥാപിച്ച കണ്ടെയ്‌നർ ടെർമിനൽ, 14 വർഷം പിന്നിട്ടിട്ടും അതിന്റെ പൂർണ്ണ ശേഷിയിലേക്ക് എത്തിയിട്ടില്ല. ദുബായ് പോർട്ട് വേൾഡ് എന്ന അന്താരാഷ്ട്ര കമ്പനി 30 വർഷത്തേക്ക് നടത്തിപ്പ് ഏറ്റെടുത്തിട്ടും, പ്രതിവർഷം 10 ലക്ഷം കണ്ടെയ്‌നർ എന്ന ലക്ഷ്യത്തിൽ നിന്ന് 2024-25 ൽ 8.34 ലക്ഷത്തിലേക്ക് ഒതുങ്ങി. ഈ സാഹചര്യത്തിൽ, അത്യാധുനിക സൗകര്യങ്ങളോടെ തുറക്കുന്ന വിഴിഞ്ഞം തുറമുഖം കൊച്ചിയുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.
വല്ലാർപാടത്തിന്റെ പ്രധാന പോരായ്മ കപ്പൽച്ചാലിന്റെ ആഴക്കുറവാണ്. നിലവിൽ 14.5 മീറ്റർ മാത്രം ആഴമുള്ളതിനാൽ, വലിയ മദർ ഷിപ്പുകൾക്ക് കൊച്ചിയിൽ അടുക്കാൻ സാധിക്കുന്നില്ല. ഈ കപ്പലുകൾ പുറംകടലിൽ നങ്കൂരമിട്ട്, ചെറിയ കപ്പലുകൾ വഴിയാണ് ചരക്ക് നീക്കം നടത്തുന്നത്. എന്നാൽ വിഴിഞ്ഞത്ത് കപ്പൽച്ചാലിന് 20 മീറ്റർ ആഴമുള്ളതിനാൽ, ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ 'എം.എസ്.സി. തുർക്കി'ക്ക് പോലും അവിടെ അടുക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര ചരക്ക് നീക്കത്തിൽ വിഴിഞ്ഞവുമായി മത്സരിക്കാൻ കൊച്ചിക്ക് സാധിക്കില്ലെന്നതാണ് യാഥാർത്ഥ്യം.
എങ്കിലും, കപ്പൽച്ചാലിന്റെ ആഴം വർദ്ധിപ്പിച്ചും മറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തിയും കൊച്ചി തുറമുഖത്തിന് വിഴിഞ്ഞത്തിനൊപ്പം വളരാൻ സാധിക്കും. വലിയ ചരക്കുകപ്പലുകൾ അടുക്കുന്നതിനായി കപ്പൽച്ചാലിന്റെ ആഴം 16-18 മീറ്ററാക്കി ഉയർത്തേണ്ടതുണ്ട്. കൊച്ചി തുറമുഖ അതോറിറ്റി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡി.പി. വേൾഡ് സഹകരിക്കാമെന്ന് ഉറപ്പുനൽകിയാൽ അടുത്ത വർഷം തന്നെ ഈ പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കും. അതോടൊപ്പം, ബെർത്തിന്റെ നീളം 600 മീറ്ററിൽ നിന്ന് 900 മീറ്ററായി വർദ്ധിപ്പിക്കേണ്ടതുണ്ട്.ഈ പദ്ധതിക്ക് ഇപ്പോൾ 900 കോടി രൂപയുടെ അധികച്ചെലവ് വരും.
വിഴിഞ്ഞം പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കുമ്പോൾ, രാജ്യാന്തര ചരക്ക് കയറ്റുമതിക്കും ഇറക്കുമതിക്കും കൊച്ചിയിലെ ഷിപ്പിംഗ് കമ്പനികൾ ഒരുപരിധി വരെ വിഴിഞ്ഞത്തെ ആശ്രയിക്കാൻ സാധ്യതയുണ്ട്. അതിനാൽ, കൊച്ചി തുറമുഖം കോസ്റ്റൽ കാർഗോ എന്നറിയപ്പെടുന്ന ആഭ്യന്തര ചരക്ക് നീക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മലബാർ, മംഗലാപുരം, തമിഴ്‌നാട് മേഖലകളിലേക്ക് കൊച്ചിയിൽ നിന്ന് നിലവിൽ നല്ല ചരക്ക് നീക്കം നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്താനാകും.
കൂടാതെ, കൊച്ചി തുറമുഖത്തിന്റെ ക്രൂസ് ടൂറിസം സാധ്യതകളും വളരെ വലുതാണ്. അത്യാധുനിക ക്രൂസ് ടെർമിനൽ ഇവിടെയുണ്ട്. നൂറുകണക്കിന് വിനോദസഞ്ചാരികളുമായി എത്തുന്ന വലിയ കപ്പലുകൾ കൊച്ചിയിൽ എത്തുന്നുണ്ട്. ക്രൂസ് ടൂറിസം വികസിപ്പിക്കുന്നത് കൊച്ചി തുറമുഖത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രധാന മാർഗമാണ്. ഇതിനായി സംസ്ഥാന സർക്കാരും ഫണ്ട് അനുവദിക്കുന്നുണ്ട്. പാസഞ്ചർ ലോഞ്ചിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.
കൊച്ചി തുറമുഖത്തോ ടനുബന്ധിച്ചുള്ള ബങ്കറിംഗ് ടെർമിനലിനും വലിയ വികസന സാധ്യതകളുണ്ട്. കപ്പലുകൾക്ക് ഇന്ധനവും കുടിവെള്ളവും നിറയ്ക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ പ്രധാനമായും നൽകുന്നത്. കപ്പൽ ഗതാഗതം വർധിക്കുന്നതോടെ ഈ മേഖലയ്ക്കും കൂടുതൽ വരുമാനം നേടാനാകും.
കേന്ദ്രസർക്കാരിന് കീഴിലുള്ള കൊച്ചി തുറമുഖവും സംസ്ഥാന സർക്കാരിന് കീഴിലുള്ള വിഴിഞ്ഞവും പരസ്പരം മത്സരിക്കുന്നതിന് പകരം, സഹകരിച്ച് പ്രവർത്തി ക്കുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകും. രണ്ട് തുറമുഖങ്ങളുടെയും സാധ്യതകൾ പരസ്പരം പൂരകമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ, കേരളത്തിന് അത് വലിയ നേട്ടമാകും.











