11:34am 13 November 2026
NEWS
കൊച്ചിയും കൊച്ചിയും ഇനി പരസ്പരം അറിയും - കൊച്ചി സ്‌കൂളും ജപ്പാനിലെ കൊച്ചിയിലെ സ്‌കൂളും ധാരണാപത്രത്തില്‍ ഒപ്പിട്ടു.
05/12/2025  04:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയും കൊച്ചിയും ഇനി പരസ്പരം അറിയും - കൊച്ചി സ്‌കൂളും ജപ്പാനിലെ കൊച്ചിയിലെ സ്‌കൂളും ധാരണാപത്രത്തില്‍ ഒപ്പിട്ടു
HIGHLIGHTS

ജപ്പാനിലെ തുറമുഖനഗരമായ കൊച്ചിയിലെ തൊസാജുകു ജൂനിയര്‍ ആന്‍ഡ് സീനിയര്‍ സ്‌കൂളും കൊച്ചി എളമക്കരയിലെ അശോക വേള്‍ഡ് സ്ൂകളും തമ്മില്‍ ഒപ്പുവെച്ച കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ധാരണാപത്രം ജപ്പാനീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുസാക ഹിരോഷിയും അശോക സ്‌കൂള്‍ ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ദേവകി കെയും കൈമാറുന്നു. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, സ്‌കൂള്‍ ഡയറക്ടര്‍ അഥീന മറിയം സൈമണ്‍ എന്നിവര്‍ സമീപം.

 

ജപ്പാനിലെ കൊച്ചിയില്‍ നിന്നുള്ള സ്‌കൂളില്‍ നിന്നുള്ള അധ്യാപക-വിദ്യാര്‍ത്ഥി സംഘം എളമക്കരയിലെ അശോക വേള്‍ഡ് സ്‌കൂള്‍ സന്ദര്‍ശിച്ചു

കൊച്ചി: ജപ്പാനിലെ തുറമുഖനഗരമായ കൊച്ചിയിലെ തൊസാജുകു ജൂനിയര്‍ ആന്‍ഡ് സീനിയര്‍ സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം കൊച്ചി എളമക്കരയിലെ അശോക വേള്‍ഡ് സ്ൂകള്‍ സന്ദര്‍ശിച്ചു. രണ്ട് സ്‌കുളുകളിലേയും ആറാം ക്ലാസിനു മുകളിലുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക കൈമാറ്റം സംബന്ധിച്ച ധാരണാപത്രം കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ രണ്ട് സ്‌കൂള്‍ അധികൃതരും ഒപ്പുവെച്ചു. ഓണ്‍ലൈനായും നേരിട്ടുള്ള സന്ദര്‍ശനങ്ങളിലൂടെയുമാണ് കൈമാറ്റ പരിപാടി നടപ്പാക്കുകയെന്ന് കൊച്ചി-റ്റു-കൊച്ചി എക്‌സ്‌ചേഞ്ച് പ്രോഗ്രാം വിഭാവനം ചെയ്ത അശോക വേള്‍ഡ് സ്‌കൂള്‍ ഡയറക്ടര്‍ ആദര്‍ശ് കാവുങ്കല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അശോകയില്‍ നിന്നുള്ള അധ്യാപകരുടേയും സംഘം 2026 ഓഗസ്റ്റില്‍ ജപ്പാനിലെ സ്‌കൂള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനീസ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെഴുതിയ ബാനറുകളുമായാണ് സംഘത്തെ അശോക സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വരവേറ്റത്. ജപ്പാനീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുസാക ഹിരോഷി, രസതന്ത്ര അധ്യാപകന്‍ കോഹെയ് നൊസാകി, ജീവശാസ്ത്ര അധ്യാപകന്‍ ഷൂന്യ ഹൊസോയ് എന്നിവരും വിദ്യാര്‍ത്ഥികളായ കിതമുറ സൊഡായ്, കുസാക കൊടോഹ, നകയാമ ഹിനാകോ, ഷിനോസുകെ നകാനോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അശോക വേള്‍ഡ് സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍ മേരി സ്വാഗതമാശംസിച്ച ചടങ്ങില്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍, എംഐടി മുന്‍ അധ്യാപകന്‍ രാജേഷ് നായര്‍, ആന്ധ്രാ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് ഉപദേശകന്‍ രാംകമല്‍, അശോക സ്‌കൂള്‍ ഡയറക്ടര്‍ അഥീന മറിയം സൈമണ്‍, പ്രിന്‍സിപ്പല്‍ ദേവകി കെ എന്നിവര്‍ പ്രസംഗിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഖദീജ കൃതജ്ഞത രേഖപ്പെടുത്തി. ജപ്പാനില്‍ നിന്നുള്ള സംഘം അശോകയിലെ ക്ലാസ്‌റൂമുകളും സന്ദര്‍ശിച്ചു. അശോകയിലെ അധ്യാപിക കബനി മാതൃകാ ക്ലാസെടുത്തു. കേരളീയ വിഭവങ്ങള്‍, ബുക്മാര്‍ക്കുകള്‍, നെറ്റിപ്പട്ടം, ഫ്രിഡ്ജ് മാഗ്നറ്റുകള്‍, ടീഷര്‍ട്ടുകള്‍ എന്നിവയുള്‍പ്പെട്ട സമ്മാനപ്പൊതികളും സന്ദര്‍കര്‍ക്ക് കൈമാറി. സന്ദര്‍ശകര്‍ അശോകാ ക്യാമ്പസ്സില്‍ വൃക്ഷത്തൈകള്‍ നട്ടു. റോബോടിക്‌സും കോഡിംഗുമുള്‍പ്പെട്ട അശോകയുടെ കരിക്കുലവും ഇവിടുത്തെ അധ്യാപന നിലവാരവും ഏറെ മികച്ചതാണെന്ന് ചടങ്ങില്‍ സംസാരിച്ച ജപ്പാനീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹിരോഷി കുസാക പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img