08:21pm 07 November 2026
NEWS
നടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്; ഡോക്ടർ മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തെന്ന് യുവതി; പൊലീസ് കേസെടുത്തു
06/11/2026  05:02 PM IST
nila
നടിയുടെ നേതൃത്വത്തിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ്; ഡോക്ടർ മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തെന്ന് യുവതി; പൊലീസ് കേസെടുത്തു

കൊച്ചി: നടിയും നടനുമടക്കം പ്രതികളായ ഡോക്ടർ മർദനക്കേസിൽ നിർണായക വഴിത്തിരിവ്. മർദനത്തിനും പിടിച്ചുപറിക്കും ഇരയായെന്ന് ആരോപിച്ച് പരാതി നൽകിയ ഡോ. ജോൺസൺ കെ. വർഗീസിനെതിരെ യുവതി ബലാത്സംഗ പരാതി നൽകി. മദ്യം നൽകി അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. നടിയുടെ അടുത്ത ബന്ധു കൂടിയായ യുവതിയുടെ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിൽ വച്ച് മദ്യം നൽകിയ ശേഷം ഡോക്ടർ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. തന്റെ ചിത്രങ്ങൾ രഹസ്യമായി പകർത്തിയിട്ടുണ്ടാകാമെന്നും പരാതിയിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബ ഡോക്ടർ കൂടിയാണ് ജോൺസൺ. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിനു പിന്നാലെ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടറെ പുറത്താക്കിയതായും വിവരമുണ്ട്.

അതേസമയം, ഡോക്ടറെ മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ കഴിഞ്ഞ ദിവസം നടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവിന് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചെന്നാണ് ഡോക്ടറുടെ ആരോപണം. കടവന്ത്ര പൊലീസിലാണ് അദ്ദേഹം പരാതി നൽകിയത്.

മൂന്നേകാൽ ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, വാച്ച്, ഇയർപോഡുകൾ എന്നിവ സംഘം പിടിച്ചെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടിയടക്കം 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. നടി, നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ ബിബിൻ പെരുമ്പിള്ളി, സുഹൃത്ത് കെ.ബി. വിഷ്ണു എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു.

സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് ഡോക്ടർ പൊലീസിനെ സമീപിച്ചത്. ശാരീരിക വേദന രൂക്ഷമായതും പ്രതികൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള ഭയവുമാണ് പരാതി നൽകാൻ വൈകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

നടിയും സംഘവും അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഡോക്ടർക്കെതിരെയും ഗുരുതരമായ ലൈംഗിക പീഡന ആരോപണം ഉയർന്നിരിക്കുന്നത്. ഇതോടെ സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img